ഓടനാവട്ടം പരുത്തിയറയില്‍ കുന്നിടിക്കല്‍ തകൃതി

വെളിയം: ഓടനാവട്ടം പരുത്തിയറയില്‍ അനധികൃത കുന്നിടിക്കല്‍ തകൃതിയായതിനാല്‍ പ്രദേശവാസികള്‍ ദുരിതത്തില്‍. 500 അടി പൊക്കത്തിലുള്ള കുന്ന് എക്സ്കവേറ്റര്‍ ഉപയോഗിച്ചാണ് ഇടിച്ചുനീക്കുന്നത്.  സമീപത്തെ നിരവധി വീടുകള്‍ ഇതുമൂലം അപകടാവസ്ഥയിലാണ്. രണ്ടുമാസം മുമ്പാണ് കുന്നിടിക്കല്‍ ആരംഭിച്ചത്. ഇവിടെനിന്ന് ടിപ്പറുകളില്‍ മണ്ണ് കയറ്റി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. മണ്ണെടുക്കുന്നതിന് സമീപത്ത് കെ. ഐ.പി കനാല്‍ കടന്നുപോകുന്നുണ്ട്. ഇപ്പോള്‍ കനാലിന്‍െറ ഒരുവശം ഇടിഞ്ഞ് താഴ്ന്നു. കനാലിലൂടെ വെള്ളം ഒഴുകിയാല്‍ വിടവിലൂടെ സമീപത്തെ വീടുകളിലേക്കാണ് ജലം എത്തുന്നത്.  കുന്നിടിക്കലിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചെങ്കിലും നടപടിയുണ്ടായില്ല. ഓടനാവട്ടം ചുങ്കത്തറയിലും വലിയ തോതില്‍ കുന്നിടിക്കല്‍ നടക്കുന്നു. ഇതുമൂലം നിരവധി വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചു. രാത്രിയിലും പകലും ഇടതടവില്ലാതെ തുടരുന്ന അനധികൃത മണ്ണെടുപ്പിനെതിരെ വെളിയം പഞ്ചായത്തോ പൊലീസോ നടപടി സ്വീകരിച്ചിട്ടില്ല.  ടിപ്പര്‍ ലോറികള്‍ പാസില്ലാതെയാണ് മണ്ണുമായി സര്‍വിസ് നടത്തുന്നത്.  നാട്ടുകാര്‍ പൊലീസില്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. സമീപ പഞ്ചായത്തുകളായ കരീപ്ര, പൂയപ്പള്ളി എന്നിവിടങ്ങളിലും വ്യാപക കുന്നിടിക്കലും വയല്‍ നികത്തലും നടക്കുന്നുണ്ട്. ഓയൂര്‍ -കൊട്ടാരക്കര റോഡിന്‍െറ ഒരുവശത്തെ രണ്ട് കിലോമീറ്റര്‍ ഭാഗം കുന്നിടിച്ച മണ്ണുപയോഗിച്ച് വയല്‍ നികത്തുകയാണ്.  പൂയപ്പള്ളി സ്റ്റേഷന്‍ പരിസരങ്ങളില്‍ കുന്നിടിക്കലും വയല്‍ നികത്തലും തകൃതിയായി നടന്നിട്ടും പൊലീസോ റവന്യൂ അധികൃതരോ നടപടി സ്വീകരിക്കുന്നില്ളെന്ന ആക്ഷേപമാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.