പുനലൂര്‍: മുസ്ലിം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മദ്റസകളിലൂടെ നടപ്പാക്കിയിരുന്ന ട്യൂഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. പദ്ധതിയുടെ സാമ്പത്തിക സഹായത്തിന് ജില്ലയിലെ മദ്റസ മാനേജ്മെന്‍റുകള്‍ നല്‍കിയ മുഴുവന്‍ അപേക്ഷകളും ജില്ലാ വിദ്യാഭ്യാസ ഓഫിസ് അധികൃതര്‍ നിരസിച്ചതാണ് പ്രവര്‍ത്തനം അവതാളത്തിലാക്കിയത്. ആദ്യഘട്ടത്തില്‍ സഹായം ലഭിച്ചിരുന്നത് ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ തള്ളി. വിദ്യാഭ്യാസ സൗകര്യം ലഭ്യമല്ലാത്ത മേഖലകളിലെ കുട്ടികളുള്ള മദ്റസകള്‍ക്ക് മാത്രമേ ഗ്രാന്‍റിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. ഈ കാരണമാണ് അപേക്ഷ നിരസിച്ചതിന് അവര്‍ നല്‍കുന്ന വിശദീകരണവും. പുതുതായി അപേക്ഷിച്ചതടക്കമുള്ള മദ്റസകളെല്ലാം പാര്‍ട്ടൈം മാത്രമായാണ് ക്ളാസുകള്‍ നടത്തുന്നതെന്നും ഇതും അപേക്ഷകള്‍ നിരസിക്കുന്നതിന് കാരണമായെന്നും അധികൃതര്‍ സൂചിപ്പിച്ചു. പദ്ധതി ആരംഭിക്കുന്ന ആദ്യഘട്ടത്തില്‍ അപേക്ഷിച്ചിരുന്ന 149 മദ്റസകള്‍ക്ക് രണ്ടു ഗഡുവായി സാമ്പത്തികസഹായം ലഭിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് കമ്പ്യൂട്ടര്‍ സംവിധാനവും അധ്യാപകര്‍ക്ക് ശമ്പളവും മറ്റ് ഭൗതികസൗകര്യങ്ങളും പൂര്‍ത്തിയാക്കി. പുതുതായി 210 മദ്റസകളാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് മുഖാന്തരം അപേക്ഷ നല്‍കിയത്. പദ്ധതിയില്‍ നിഷ്കര്‍ഷിച്ചിരുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് അധികൃതര്‍ പരിശോധിക്കുകയും ചെയ്തു. എന്നാല്‍, ഈ അപേക്ഷകളെല്ലാം തള്ളുകയായിരുന്നു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മദ്റസകള്‍ വഴി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പദ്ധതി (എസ്.പി.ക്യു.ഇ.എം) 2012-13ല്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പാണ് നടപ്പാക്കിയത്. മുസ്ലി വിദ്യാര്‍ഥികളിലെ പഠന നിലവാരം ഉയര്‍ത്തുന്നതിന് മദ്റസകളില്‍ സയന്‍സ്, കണക്ക്, ഇംഗ്ളീഷ് തുടങ്ങിയ വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതായിരുന്നു പദ്ധതിയിലെ പ്രധാനപ്പെട്ട ഇനം. കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനം ലഭ്യമാക്കുന്നതിന് കമ്പ്യൂട്ടര്‍ അടക്കം സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള സഹായവും പദ്ധതിയില്‍ ഉറപ്പാക്കിയിരുന്നു. ട്യൂഷന്‍ എടുക്കുന്ന അധ്യാപകര്‍ക്ക് അവരുടെ അക്കാദമിക് യോഗ്യത അനുസരിച്ച് മെച്ചപ്പെട്ട ശമ്പളവും നിശ്ചയിച്ചിരുന്നു. ഇതുപ്രകാരം ആദ്യഘട്ടത്തില്‍ സഹായം ലഭിച്ചിരുന്ന മദ്റസകളില്‍ പദ്ധതി വളരെ വിജയകരമായി നടപ്പാക്കി. ഈ മദ്റസകര്‍ക്ക് രണ്ട് ഗഡുക്കളായി സഹായവും സര്‍ക്കാറില്‍നിന്ന് ലഭിച്ചു. പുതുതായി അപേക്ഷിച്ചവരും പദ്ധതി നടപ്പാക്കാനുള്ള ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഇതിനായി നല്ളൊരു തുക മാനേജുമെന്‍റുകള്‍ക്ക് ചെലവായി. കൂടാതെ അധ്യാപകരെ അടക്കം നിയമിച്ച് ക്ളാസുകളും മിക്കിയിടത്തും ആരംഭിച്ചു. എന്നാല്‍, അപേക്ഷകള്‍ നിരസിച്ചതോടെ പദ്ധതി ആരംഭിച്ച മദ്റസകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.