പതിമൂന്ന് കണ്ണറപാലം ബലപ്പെടുത്തല്‍ അവസാന ഘട്ടത്തിലേക്ക്

പുനലൂര്‍: പുനലൂര്‍-ചെങ്കോട്ട റെയില്‍വേ ലൈനില്‍ ഏറ്റവും വലുതും ആകര്‍ഷണീയവുമായ തെന്മല പതിമൂന്ന് കണ്ണറപാലം ജാക്കറ്റിങ്ങിലൂടെ ബലപ്പെടുത്തല്‍ അവസാന ഘട്ടത്തിലേക്ക്. മീറ്റര്‍ ഗേജ് ലൈന്‍ മാറ്റി ബ്രോഡ്ഗേജ് ആക്കുന്നതിന്‍െറ ഭാഗമായാണ് പാലങ്ങളും തുരങ്കങ്ങളും പുതുക്കിപ്പണിയുന്നത്. ഒന്നേകാല്‍ നൂറ്റാണ്ടിലധികം പഴക്കമുള്ള പതിമൂന്ന് കണ്ണറപാലം മാറ്റി പുതിയത് പണിയുന്നതിലെ സാങ്കേതിക പ്രശ്നങ്ങളും ചെലവും കണക്കിലെടുത്ത് പാലം അറ്റകുറ്റപ്പണി ചെയ്ത് നിലനിര്‍ത്താനായിരുന്നു തീരുമാനം. ഇതനുസരിച്ച് നിലവിലുള്ള കരിങ്കല്‍ തൂണുകള്‍ മാറ്റാതെ പുറമേക്ക് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയാണ്. ആര്‍ച്ച് മാതൃകയിലുള്ള 13 തൂണുകളില്‍ വലിയതും മധ്യത്തിലുള്ളതുമായ പത്തെണ്ണത്തിന്‍െറയും ജാക്കറ്റിങ് പൂര്‍ത്തിയായി. ഇരുവശത്തേയും മലകളെ ബന്ധിപ്പിക്കുന്ന മൂന്നു ചെറിയ തൂണുകളാണ് ഇനി ജാക്കറ്റ് ചെയ്യാനുള്ളത്. ഇത് അടുത്ത ആഴ്ചയോടെ പൂര്‍ത്തിയാകും. പൂര്‍ത്തിയായ തൂണുകളുടെ പുറഭാഗം കരിങ്കല്‍ പതിച്ച് സൗന്ദര്യമാക്കുന്ന ജോലികളും പുരോഗമിക്കുന്നു. ഈ പാതയില്‍ നിര്‍മാണത്തിന് ഏറെ പ്രതിസന്ധി പ്രതീക്ഷിച്ചതാണ് പാലത്തിലെ ജാക്കറ്റിങ് ജോലികള്‍. പാലത്തോട് ചേര്‍ന്നുള്ള അന്തര്‍സംസ്ഥാന ദേശീയപാത 744 ലെ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കാതാണ് ജോലികള്‍ പൂര്‍ത്തീകരിച്ചതെന്ന പ്രത്യേകതയുമുണ്ട്. നിര്‍മാണത്തിന്‍െറ ആദ്യഘട്ടത്തില്‍ ഗതാഗതപ്രശ്നവും വാഹനങ്ങള്‍ തിരിച്ചുവിടേണ്ടതുമായ പ്രതിസന്ധികളും ഉണ്ടായിരുന്നു. എന്നാല്‍, ഇതൊന്നുമില്ലാതെയാണ് പാലത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.