ചവറ: ദേശീയജലപാത വികസനവുമായി ബന്ധപ്പെട്ട് സംരക്ഷണ ഭിത്തി കെട്ടാതെ ഖനനം നടത്തുന്നത് ചവറ പഞ്ചായത്തിലെ 17ാം വാര്‍ഡിലെ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നതായി ആശങ്കയുയരുന്നു. മുക്കുത്തോട് സ്കൂളിന് തെക്കുഭാഗം മുതല്‍ പള്ളിയാടി ക്ഷേത്രത്തിന് തെക്കുഭാഗത്തെ പഴയ വിളക്കുമരം വരെ കായല്‍ തീരത്തിനു സമീപത്ത് താമസിക്കുന്നവര്‍ക്കാണ് അപകട ഭീഷണി നിലനില്‍ക്കുന്നത്. ഇവരുടെ വീടും വസ്തുവും ഓരോ ദിവസം കഴിയുന്തോറും വെള്ളംകയറി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. നാല് മീറ്റര്‍ മുതല്‍ ആറ് മീറ്റര്‍ വരെ വീതിയിലാണ് പല ഭാഗത്തും കര ഇടിഞ്ഞ് കായല്‍ കയറിയിരിക്കുന്നത്. സംരക്ഷണ ഭിത്തി കെട്ടാതെയുള്ള ഖനനം കാരണം വന്‍ വൃക്ഷങ്ങള്‍ പോലും വീടുകളിലേക്ക് ചാഞ്ഞ് നില്‍ക്കുന്നതും ഭീതി വിതക്കുന്നു. ജലപാതക്ക് കിഴക്ക് ഭാഗത്തുള്ള വീടുകള്‍ ഏതു നിമിഷവും തകര്‍ന്നുവീഴാറായ അവസ്ഥയിലാണ്. വികസനത്തിനു വേണ്ടി ഒന്നാംഘട്ട ജലപാതയുടെ ഖനനം കഴിഞ്ഞപ്പോള്‍ മീറ്ററുകളോളം അകലത്തായിരുന്ന കായല്‍ ഇപ്പോള്‍ വീടുകളും വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഇതു വക വെക്കാതെയാണ് രണ്ടാംഘട്ട ഖനനവുമായി മുന്നോട്ട് പോകാന്‍ അധികൃതര്‍ തയാറെടുക്കുന്നത്. സംരക്ഷണഭിത്തി ഇല്ലാത്തയിടങ്ങളില്‍ കുട്ടികള്‍ക്ക് അപകടം പിണയുമെന്ന ആധിയിലാണ് രക്ഷാകര്‍ത്താക്കള്‍. സമീപത്തെ ക്ഷേത്രത്തിന്‍െറ ആല്‍ത്തറ, വഞ്ചി എന്നിവ ഇതിനോടകം കായല്‍ കവര്‍ന്നു കഴിഞ്ഞു. സംരക്ഷണഭിത്തി കെട്ടാതെ ഖനനം നടത്തരുതെന്നാവശ്യപ്പെട്ട് ഈ പ്രദേശത്തെ നാട്ടുകാര്‍ ജലപാത വികസനം നടത്തുന്ന ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍, എം.പി, എം.എല്‍.എ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ജീവനും സ്വത്തിനും സംരക്ഷണം കിട്ടിയില്ളെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.