തെന്മല സംയുക്ത ചെക്പോസ്റ്റിന് പ്രതീക്ഷയേറുന്നു

പുനലൂര്‍: വനംകുപ്പിന്‍െറ എതിര്‍പ്പുമൂലം നടപ്പാകാതെ പോയ ആധുനിക സംവിധാനമുള്ള സംയുക്ത ചെക്പോസ്റ്റ് യാഥാര്‍ഥ്യമാകാന്‍ വഴിതെളിയുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് തെന്മലയില്‍ സംയുക്ത ചെക്പോസ്റ്റ് സ്ഥാപിക്കാന്‍ നടപടിയായിരുന്നെങ്കിലും ഭൂമിയെ ചൊല്ലി വനംവകുപ്പ് തര്‍ക്കവുമായി എത്തിയതോടെ പദ്ധതി മുടങ്ങുകയായിരുന്നു. ഇതോടെ, സംസ്ഥാന സര്‍ക്കാറിന് ഇക്കാലയളവില്‍ കോടികളുടെ നികുതി പിരിവും നഷ്ടമായി. അന്ന് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചിരുന്ന പുനലൂര്‍ എം.എല്‍.എ അഡ്വ. കെ. രാജു ഇപ്പോള്‍ വനം മന്ത്രിയും സംയോജിത ചെക്പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള ഉപസമിതി അംഗവുമാണ്. അതോടെയാണ് സംയുക്ത ചെക് പോസ്റ്റ് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ ഉയരുന്നത്. സംയോജിത ചെക്പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കെ തെന്മലയിലോ ആര്യങ്കാവിലോ ഇത്തരം ചെക്പോസ്റ്റ് സ്ഥാപിക്കുമെന്നാണ് കരുതുന്നത്. ആര്യങ്കാവിലെ ചെക്പോസ്റ്റുകളിലെ അസൗകര്യം മുന്‍നിര്‍ത്തി നികുതി വെട്ടിപ്പ് തടയാനുദ്ദേശിച്ചാണ് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെക്പോസ്റ്റുകള്‍ തെന്മലയിലേക്ക് മാറ്റാന്‍ പദ്ധതി ആവിഷ്കരിച്ചത്. എല്ലാ ചെക്പോസ്റ്റുകളും ഒരു വളപ്പിലാക്കുകയായിരുന്നു പദ്ധതി. ആധുനിക സംവിധാനമുള്ള സംയുക്ത ചെക്പോസ്റ്റെന്നാണ് പേര് നല്‍കിയിരുന്നത്. അന്ന് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് തെന്മലയിലത്തെി ചെക്പോസ്റ്റിനുള്ള ഭൂമി പരിശോധിച്ചിരുന്നു. തെന്മല തടി ഡിപ്പോയോട് ചേര്‍ന്നുള്ള 20 ഏക്കറോളം റവന്യൂ ഭൂമിയില്‍നിന്ന് ആറ് ഏക്കര്‍ ചെക്പോസ്റ്റിന് നല്‍കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് വനം വകുപ്പ് അധീനപ്പെടുത്തിയിരുന്ന നിര്‍ദിഷ്ട ഭൂമി റവന്യൂ വകുപ്പ് അളന്ന് തിരിച്ചു. ഇതില്‍നിന്ന് എട്ട് ഏക്കറിന്‍െറ രേഖകള്‍ വാണിജ്യ നികുതി വകുപ്പിന് കൈമാറി. എന്നാല്‍, ഈ ഭൂമി വനം വകുപ്പിന്‍േറതാണന്നും വാണിജ്യ നികുതി വകുപ്പിന് വീട്ടുകൊടുക്കാനാകില്ളെന്ന തര്‍ക്കവുമായി വനം വകുപ്പ് രംഗത്ത് വന്നു. ഇതോടെ, സംയുക്ത ചെക്പോസ്റ്റെന്ന ആശയം ചുവപ്പുനാടയില്‍ കുടുങ്ങി. ആര്യങ്കാവില്‍ നിലവില്‍ വനം, വാണിജ്യനികുതി, എക്സൈസ്, ഗതാഗതം എന്നീ ചെക്പോസ്റ്റുകള്‍ പലയിടത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിര്‍ത്തിയില്‍ ഉണ്ടാകേണ്ടിയിരുന്ന മൃഗസംരക്ഷണ ചെക്പോസ്റ്റ് 10 കിലോമീറ്റര്‍ അകലെ തെന്മലയിലാണ്. ഭക്ഷ്യധാന്യങ്ങളുടെ പരിശോധനക്കുള്ള സംവിധാനമോ ചെക്പോസ്റ്റോ ആര്യങ്കാവിലില്ല. വാണിജ്യ നികുതി ചെക്പോസ്റ്റ് വളരെ അസൗകര്യങ്ങള്‍ക്ക് നടുവിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടത്തെ പരിശോധനാ സംവിധാനത്തിലെ അപാകതയടക്കം മുതലെടുത്ത് വന്‍തോതില്‍ നികുതി വെട്ടിച്ച് സാധനങ്ങളും ലഹരി വസ്തുക്കളും കടത്തുകയാണ്. നാട്ടുകാരും പൊതുപ്രവര്‍ത്തകരുമായ ചിലര്‍ ഉള്‍പ്പെട്ട ലോബികളാണ് ഇതിനു ചുക്കാന്‍പിടിക്കുന്നത്. ചരക്ക് വാഹനങ്ങള്‍ യാഥാവിധം പരിശോധിക്കാനുള്ള സൗകര്യം ഇപ്പോഴും ഇവിടില്ല. ചെക്പോസ്റ്റ് തെന്മലയിലാക്കുന്നതോടെ ആര്യങ്കാവിലുണ്ടാകാവുന്ന തൊഴില്‍-സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ചില തീരുമാനങ്ങള്‍ അന്ന് എടുത്തിരുന്നു. വാണിജ്യ നികുതി ചെക്പോസ്റ്റിനോടനുബന്ധിച്ച് ഒരേക്കറിലധികം സ്ഥലം ഇവിടുണ്ടായിരുന്നത് ഏറെയും അന്യാധീനപ്പെട്ടു. ശേഷിക്കുന്ന സ്ഥലം വേണ്ടവിധം ഫലപ്രദമാക്കി വാഹന പരിശോധനയടക്കം കാര്യക്ഷമമാക്കാനും അധികൃതര്‍ തയാറായിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ചെക്പോസ്റ്റ് നവീകരണത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ചെങ്കിലും ലഭിക്കാത്തതിനാല്‍ നവീകരണവും മുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.