മാലയില്‍ മലപ്പത്തൂരിലെ സമരം 1290 നാള്‍ പിന്നിട്ടു

കൊല്ലം: വെളിയം പഞ്ചായത്തിലെ മാലയില്‍ മലപ്പത്തൂരില്‍ ജില്ലാ പരിസ്ഥിതി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരം 1290 ദിവസം പിന്നിട്ടു. പ്രദേശത്തെ 144 ഏക്കര്‍ സ്വകാര്യ വ്യക്തിക്ക് നല്‍കിയത് തിരിച്ചുപിടിക്കുക, അനധികൃത ക്രഷര്‍ യൂനിറ്റ് അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമിതിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സമരം നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അടക്കം സമിതി ഇരുനൂറോളം പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയും കാര്യമായ അന്വേഷണവും നടന്നിരുന്നില്ല. തുടര്‍ന്ന് സമിതി ഹൈകോടതിയില്‍ കേസ് ഫയല്‍ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കേസെടുത്ത അഭിഭാഷക കമീഷനെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയിരുന്നു. അഭിഭാഷക കമീഷന്‍ റിപ്പോര്‍ട്ട് ഏപ്രില്‍ 28ന് ഹൈകോടതിക്ക് കൈമാറി. ഇതിന്‍െറ പകര്‍പ്പ് കലക്ടര്‍ക്കും അയച്ചുകൊടുത്തു. ഈ വിഷയത്തില്‍ ആറാഴ്ചക്കകം എടുക്കണമെന്ന് കലക്ടറോട് നിര്‍ദേശിക്കുകയും ചെയ്തു. ഒരു നടപടിയും എടുക്കാതെ ജില്ലാ ഭരണകൂടം ഇപ്പോഴും ഒത്തുകളി നടത്തുകയാണെന്ന് സമിതി ഭാരവാഹികള്‍ ആരോപിച്ചു. ക്രഷര്‍ യൂനിറ്റിന് നല്‍കിയ അനുമതി പിന്‍വലിച്ച് സര്‍ക്കാര്‍ മിച്ചഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച കൊല്ലത്ത് പരിസ്ഥിതി കൂട്ടായ്മ നടക്കും. കൊല്ലം പ്രസ്ക്ളബ് ഹാളില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന കൂട്ടായ്മ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ ഒന്നിന് വെളിയം ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നില്‍ രാവും പകലും പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ സത്യഗ്രഹ സമരവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.