പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തോന്നുംപടി; പകര്‍ച്ചവ്യാധികള്‍ പടരുന്നു

ചവറ: രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാത്തതുമൂലം ഗ്രാമീണമേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു. ചവറ, പന്മന പഞ്ചായത്തുകളിലാണ് രോഗങ്ങള്‍ വ്യാപകമായത്. മഴക്കാലപൂര്‍വ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനച്ചടങ്ങുകളില്‍ ഒതുക്കിയതല്ലാതെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യമായി പല മേഖലകളിലും നടന്നിട്ടില്ല. ചവറ പഞ്ചായത്തിലെ കുരിശുംമൂട്, ഭരണിക്കാവ്, മേനാമ്പള്ളി, താന്നിമൂട്, പ്രദേശങ്ങളിലും പന്മനയില്‍ കെ.എം.എം.എല്‍ പരിസര വാര്‍ഡുകളായ കോലം, കളരി, പന്മന, മേക്കാട് പ്രദേശങ്ങളിലും ഡെങ്കിപ്പനി, ത്വഗ്രോഗങ്ങള്‍ എന്നിവ വ്യാപകമായി. ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന നിലയായിട്ടും അധികൃതര്‍ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. മഴക്കുമുമ്പേ വൃത്തിയാകേണ്ട ഓടകളും തോടുകളും അഴുക്കുകള്‍ കെട്ടിക്കിടന്ന് വെള്ളമൊഴുക്ക് നിലച്ച മട്ടാണ്. റോഡരികിലെ കാടുകള്‍ വൃത്തിയാക്കാത്തതു കാരണം മാലിന്യ നിക്ഷേപവും തെരുവുനായ ശല്യവും രൂക്ഷമാണ്. മാലിന്യങ്ങള്‍ ജീര്‍ണിച്ച് പുഴുവരിച്ച് രോഗഭീതി പരത്തുകയാണ്. മലിനജലത്തില്‍ കൊതുകും കൂത്താടികളും പെറ്റുപെരുകുന്നത് തടയാനും നടപടിയില്ല. ജലജന്യരോഗങ്ങള്‍ പടരാതിരിക്കാന്‍ ഫോഗിങ്ങും, സ്പ്രേയിങും ആദ്യഘട്ടത്തില്‍ നടത്തിയതല്ലാതെ പിന്നീട് ഉണ്ടായില്ല. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനുള്ള ശ്രമവും ആരോഗ്യ വകുപ്പിന്‍െറ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കെ.എം.എം.എല്‍ കമ്പനിയുടെ പരിസര വാര്‍ഡുകളില്‍ മാരകരോഗങ്ങള്‍ പടരുമ്പോള്‍ കമ്പനിയുടെ ഭാഗത്തുനിന്ന് വേണ്ട സഹായങ്ങള്‍ എത്തുന്നില്ളെന്ന് ആക്ഷേപമുണ്ട്. കെ.എം.എം.എല്ലില്‍നിന്നുള്ള മലിനീകരണം നേരിടുന്ന വാര്‍ഡുകളായ ചിറ്റൂര്‍, കളരി പ്രദേശങ്ങളിലാണ് ത്വഗ്രോഗവും, ശ്വാസകോശ രോഗങ്ങളും ഡെങ്കിപ്പനിയും കൂടുതല്‍. മുമ്പ് തൊഴിലുറപ്പ് പദ്ധതിപ്രകാരം മഴക്കാല രോഗ പ്രതിരോധങ്ങളുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമായിരുന്നു. അത് നിലച്ചതോടെയാണ് ഓടകളും തോടുകളും രോഗഭീതി പരത്തുന്ന നിലയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.