അപകടം ഒഴിയാതെ അയത്തില്‍ ബൈപാസ് ജങ്ഷന്‍

ഇരവിപുരം: സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതോടെ സംസ്ഥാന ഹൈവേയിലുള്ള അയത്തില്‍ ബൈപാസ് ജങ്ഷനില്‍ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായി. തിങ്കളാഴ്ച രാവിലെ മൂന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. തുടര്‍ന്ന് സംസ്ഥാന ഹൈവേയില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. രാവിലെ കാറും ഓട്ടോയും കൂട്ടിമുട്ടിയതോടെയായിരുന്നു അപകടങ്ങള്‍ക്ക് തുടക്കം. ഇതിന്‍െറ കുരുക്ക് മാറിയയുടന്‍ ബസ് ബൈക്കിലിടിക്കുകയും ഓട്ടോയും ലോറിയും കൂട്ടിമുട്ടുകയും ചെയ്തു. അഞ്ച് റോഡുകള്‍ സംഗമിക്കുന്ന ഇവിടെ ഗതാഗതനിയന്ത്രണത്തിന് ഒരു ഹോം ഗാര്‍ഡാണ് എത്താറുള്ളത്. ട്രാഫിക് സിഗ്നലിന്‍െറ പ്രവര്‍ത്തനം നിലച്ചതോടെയാണ് പ്രധാനമായും ഇവിടെ അപകടങ്ങള്‍ കൂടിയത്. സംസ്ഥാന ഹൈവേയിലൂടെയും ബൈപാസ് റോഡ്, പള്ളിമുക്ക് റോഡ് എന്നിവിടങ്ങളില്‍ നിന്നും ഒരു നിയന്ത്രണവുമില്ലാതെ വാഹനങ്ങള്‍ അമിതവേഗത്തില്‍ വരുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാക്കുന്നത്. ഇരവിപുരം, കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിപ്രദേശമായ ഇവിടെ ട്രാഫിക് പൊലീസും തിരിഞ്ഞുനോക്കാറില്ല. വാഹനപരിശോധനക്ക് മാത്രമാണ് ഇവിടെ ട്രാഫിക് പൊലീസ് എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഗതാഗതക്കുരുക്കിന് പരിഹാരം ആവശ്യപ്പെട്ട് അയത്തില്‍ നിസാമിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ കമീഷണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.