തൊഴിലുറപ്പ് തൊഴിലാളികള്‍ മുന്നിട്ടിറങ്ങി; പാവുമ്പാ വലിയ കാട്ടുവിള റോഡ് വെട്ടി

തേവലക്കര: എട്ടുവര്‍ഷം കേസ് നടത്തി അനുകൂലവിധി ഉണ്ടായിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത റോഡ് തൊഴിലുറപ്പ് സ്ത്രീ തൊഴിലാളികള്‍ മുന്നിട്ടിറങ്ങിയതോടെ പൂര്‍ത്തിയായി. തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ ദേശക്കല്ല് വാര്‍ഡിലെ വലിയ കാട്ടുവിള പാവുമ്പാ റോഡാണ് സ്ത്രീകള്‍ വെട്ടിയത്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് 550 മീറ്റര്‍ നീളം വരുന്ന റോഡ് എട്ട് വര്‍ഷം മുമ്പാണ് നിര്‍മിച്ചത്. എന്നാല്‍, ഒരു വീട്ടുകാര്‍ വഴിയുടെ വസ്തു കൈയേറിയതിനാല്‍ നാല്‍പത് മീറ്റര്‍ ഭാഗം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. പഞ്ചായത്തിന്‍െറ ഫണ്ടുപയോഗിച്ച് ബാക്കിയുള്ള ഭാഗം രണ്ട് തവണ മെറ്റലിങ് നടത്തിയെങ്കിലും റോഡ് പൂര്‍ത്തീകരിക്കാത്തത് കാരണം ടാറിങ് ജോലികളും അനിശ്ചിതത്തിലായി. പല തവണ അധികാരകേന്ദ്രങ്ങളില്‍ നാട്ടുകാര്‍ പരാതിയുമായി എത്തിയെങ്കിലും ഫലം കണ്ടില്ല. പ്രദേശവാസികള്‍ മനുഷ്യാവകാശകമീഷന് പരാതി നല്‍കിയതിനെതുടര്‍ന്ന് അനുകൂലവിധിയുണ്ടായെങ്കിലും വസ്തു വിട്ടുനല്‍കാതായതോടെയാണ് പരിസരവാസികളായ സ്ത്രീകള്‍ കൈയേറിയ വസ്തു തിരികെ പിടിച്ച് വഴി വെട്ടിയത്. അമലോത്ഭവ മാതാ, ചിന്ത, ദര്‍ശന ചൈതന്യ കുടുംബശ്രീ യൂനിറ്റുകളിലെ അമ്പതോളം സ്തീകളാണ് റോഡ് വെട്ടാന്‍ രംഗത്ത് വന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ തടയാന്‍ വസ്തു ഉടമയുടെ ബന്ധുക്കള്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. സംഭവമറിഞ്ഞ് തെക്കുംഭാഗം പൊലീസ് സ്ഥലത്തത്തെിയെങ്കിലും വസ്തു കൈയേറിയ വീട്ടുകാര്‍ ഇല്ലാത്തത് കാരണം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി. എസ്.ഐ രാജേഷ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമണിപ്പിള്ള, പഞ്ചായത്തംഗം ഓമനക്കുട്ടക്കുറുപ്പ് എന്നിവരുടെ സാന്നിധ്യത്തില്‍ ഇരുകൂട്ടരുമായും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കൈയേറിയ വസ്തു വിട്ടുനല്‍കാമെന്നും ഒരു മീറ്റര്‍ എണ്‍പത് സെന്‍റീമീറ്റര്‍ വീതി കഴിച്ച് അതിര്‍ത്തി ഭാഗം നാട്ടുകാര്‍ സംരക്ഷണഭിത്തി കെട്ടി നല്‍കാമെന്നുമുള്ള ധാരണയില്‍ വഴിപ്രശ്നം ഒത്തുതീര്‍പ്പായി. മെറ്റലിങ് ചെയ്യാനുള്ള ബാക്കി ഭാഗം എത്രയും വേഗം പൂര്‍ത്തീകരിച്ച് റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് വാര്‍ഡ് അംഗം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.