കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷന് പിന്നാലെ കാപ്പെക്സ് ഫാക്ടറികളും തുറക്കുന്നതോടെ കശുവണ്ടിത്തൊഴിലാളികള്‍ ആശ്വാസത്തില്‍. അതേസമയം, ജില്ലയിലെ ഭൂരിഭാഗം വരുന്ന സ്വകാര്യഫാക്ടറികളും പ്രവര്‍ത്തിക്കാത്തതിനാല്‍ കശുവണ്ടി മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി നീങ്ങിയിട്ടില്ല. കശുവണ്ടി വികസന കോര്‍പറേഷന്‍െറ ഫാക്ടറികള്‍ ചിങ്ങം ഒന്നിനാണ് തുറന്നത്. ഇവിടങ്ങളില്‍ ഓണംകഴിഞ്ഞാലും തൊഴില്‍ നല്‍കാനുള്ള തോട്ടണ്ടിയുണ്ട്. കാപ്പെക്സിനു കീഴിലുള്ള കശുവണ്ടിഫാക്ടറികള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. പെരുമ്പുഴ, പെരിനാട് ഫാക്ടറികളാണ് ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കുക. കാപ്പെക്സിന്‍െറ ശേഷിക്കുന്ന എട്ടു ഫാക്ടറികള്‍ ചൊവ്വാഴ്ച്ച പ്രവര്‍ത്തനമാരംഭിക്കും. 1000 മെട്രിക് ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യാന്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയുമായി കാപ്പെക്സ് കരാറുണ്ടാക്കിയിരുന്നു. ഇതുപ്രകാരം ആഗസ്റ്റ് 19 മുതല്‍ കാപ്പെക്സ് ഫാക്ടറികളില്‍ തോട്ടണ്ടി ഇറക്കിവരുകയാണ്. ആദ്യമായി എത്തിയ അഞ്ചുലോഡില്‍ മൂന്നുലോഡ് പെരുമ്പുഴയിലും രണ്ടുലോഡ് പെരിനാടും എത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ചക്കകം 12 ലോഡ് തോട്ടണ്ടി വിവിധ ഫാക്ടറികളിലായി എത്തും. കാപ്പെക്സ് ഫാക്ടറികള്‍ തുറക്കുന്നതിന്‍െറ ഉദ്ഘാടനം പെരുമ്പുഴ ഫാക്ടറി അങ്കണത്തില്‍ രാവിലെ എട്ടിന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജാത മോഹന്‍ അധ്യക്ഷത വഹിക്കും. എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, മുന്‍ എം.പി കെ.എന്‍. ബാലഗോപാല്‍, മുന്‍ എം.എല്‍.എ എ.എ. അസീസ്, കാപ്പെക്സ് മാനേജിങ് ഡയറക്ടര്‍ ആര്‍. രാജേഷ് എന്നിവര്‍ പങ്കെടുക്കും. അതേസമയം, സ്വകാര്യഫാക്ടറികള്‍ തുറക്കണമെന്ന് ഉടമകളോട് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലും കശുവണ്ടിവ്യവസായത്തിന്‍െറ ചുമതലയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഓണത്തിനുമുമ്പ് എല്ലാ ഫാക്ടറികളും തുറക്കണമെന്ന ലക്ഷ്യത്തോടെയുള്ള ഇടപെടലാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.