സമഗ്രവികസനത്തിന് കൂട്ടായ പരിശ്രമം വേണം –മന്ത്രി മേഴ്സിക്കുട്ടിയമ്മ

കൊല്ലം: എല്ലാവിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുതകുന്ന വികസനമെന്ന സര്‍ക്കാര്‍ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷചടങ്ങില്‍ ദേശീയപതാകയുയര്‍ത്തിയശേഷം സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. ക്ഷേമപ്രവര്‍ത്തനങ്ങളിലും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിലും രാജ്യത്തിനുതന്നെ മാതൃകയാണ് കേരളം. അഴിമതിരഹിത ജനാധിപത്യത്തിലൂടെയുള്ള വികസനമാണ് സംസ്ഥാനത്തിന്‍െറ സ്വപ്നം. എല്ലാ വീട്ടിലും ശൗചാലയം ഉറപ്പാക്കുന്ന ഒ.ഡി.എഫ് പദ്ധതി കേരളത്തില്‍ നടപ്പാക്കിവരുകയാണ്. സംസ്ഥാന രൂപവത്കരണത്തിന്‍െറ അറുപതാം വാര്‍ഷികമായ നവംബര്‍ ഒന്നിന് കേരളത്തിലെ ഗ്രാമങ്ങളെല്ലാം ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കും. മാര്‍ച്ച് 31ഓടെ സമ്പൂര്‍ണ ഒ.ഡി. എഫ് സംസ്ഥാനമായി പ്രഖ്യാപിക്കും. സ്വാതന്ത്ര്യദിന പരേഡിന്‍െറ അഭിവാദ്യം മന്ത്രി സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡലുകളും പരേഡിലെ പ്ളാറ്റൂണുകള്‍ക്കുള്ള ഉപഹാരങ്ങളും സായുധസേനാപതാകദിന നിധിയിലേക്ക് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാരങ്ങളും വിതരണം വിതരണം ചെയ്തു. കൊട്ടാരക്കര ഡെപ്യൂട്ടി സൂപ്രണ്ട് പി. കൃഷ്ണകുമാര്‍, ഈസ്റ്റ് സി.ഐ എസ്. മഞ്ജുലാല്‍, ജില്ലാ സായുധ പൊലീസ് ക്യാമ്പിലെ സബ് ഇന്‍സ്പെക്ടര്‍ എം. ശിവരാജന്‍, വിജിലന്‍സ് ആന്‍ഡ് ആന്‍ഡി കറപ്ഷന്‍ ബ്യൂറോയിലെ എ.എസ്.ഐ ജി. ഹരിഹരന്‍ എന്നിവര്‍ക്കാണ് വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ സമ്മാനിച്ചത്. സ്വാതന്ത്ര്യസമരസേനാനികളെ മേയര്‍ വി. രാജേന്ദ്രബാബു ആദരിച്ചു. സായുധസേനാപതാകദിനഫണ്ട് സമാഹരണത്തില്‍ വിദ്യാഭ്യാസേതര സ്ഥാപനവിഭാഗത്തില്‍ ചവറ കെ.എം.എം.എല്ലിനാണ് പുരസ്കാരം ലഭിച്ചത്. വിദ്യാഭ്യാസസ്ഥാപനവിഭാഗത്തില്‍ കൊല്ലം വിമലഹൃദയ ഹയര്‍ സെക്കന്‍ഡറി സ്കൂളും അഞ്ചല്‍ വെസ്റ്റ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളും പത്തനാപുരം സെന്‍റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളും യഥാക്രമം ആദ്യ മൂന്നുസ്ഥാനങ്ങള്‍ നേടി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എം. നൗഷാദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ, കലക്ടര്‍ എ. ഷൈനാമോള്‍, സിറ്റി പൊലീസ് കമീഷണര്‍ എസ്. സതീഷ് ബിനോ, റൂറല്‍ എസ്.പി അജിതാബീഗം, അസി. കലക്ടര്‍ ആശാ അജിത്ത്, മുന്‍ മന്ത്രി സി.വി. പത്മരാജന്‍, അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് ഐ. അബ്ദുല്‍സലാം, ആര്‍.ഡി.ഒ വി. രാജചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.ടി. വര്‍ഗീസ് പണിക്കര്‍, ആര്‍.പി. മഹാദേവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.