ലക്ഷ്യം അഗതികള്‍ക്ക് അന്നം; പുതിയ നാടകവുമായി "ആശ്രയ'

കൊല്ലം: നിരാലംബരായ രണ്ടായിരത്തോളം പേര്‍ക്ക് അന്നംനല്‍കുക എന്ന ലക്ഷ്യത്തോടെ കൊട്ടാരക്കര ആശ്രയയുടെ പുതിയ നാടകം അരങ്ങിലേക്ക്. ജീവിതത്തിന്‍െറ ദുരിതപാതയില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് താങ്ങുംതണലുമൊരുക്കിയ ‘ആശ്രയ’യുടെ അഞ്ചാമത് നാടകമായ ‘സുന്ദര കവാടം’ ബുധനാഴ്ച അരങ്ങിലത്തെും. ആശ്രയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അനാഥ-അഗതി മന്ദിരങ്ങളുടെ പ്രവര്‍ത്തനത്തിനായി ധനം സമാഹരിക്കുകയാണ് പ്രഫഷനല്‍ നാടകത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജനറല്‍ സെക്രട്ടറി കലയപുരം ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫ്രാന്‍സിസ് ടി. മാവേലിക്കര രചിച്ച് വക്കം ഷക്കീര്‍ സംവിധാനം ചെയ്യുന്ന നാടകത്തില്‍ അരിമാന്നൂര്‍ ദിലീപ്, കലവൂര്‍ ബിസി, കിളിമാനൂര്‍ ഭാസി, വെഞ്ഞാറമൂട് ഹരി, സുരേഷ് ചെട്ടികുളങ്ങര, സുനിത, അനു എന്നിവര്‍ വേഷമിടുന്നു. ആര്‍ട്ടിസ്റ്റ് സുജാതന്‍ രംഗപടം ഒരുക്കുന്ന നാടകത്തില്‍ രാജീവ് ആലുങ്കലിന്‍െറ വരികള്‍ക്ക് സിബി നായരമ്പലം ഈണം നല്‍കുന്നു. സന്നദ്ധ സംഘടനകള്‍ക്ക് ധനശേഖരണാര്‍ഥം കുറഞ്ഞ നിരക്കില്‍ നാടകം അവതരിപ്പിക്കും. ബുധനാഴ്ച വൈകീട്ട് 6.30ന് സോപാനം ആഡിറ്റോറിയത്തില്‍ മേയര്‍ വി. രാജേന്ദ്രബാബു ഉദ്ഘാടനം നിര്‍വഹിക്കും. എന്‍. വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും. ഫാ.ജോണ്‍ പോള്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ആശ്രയ പ്രസിഡന്‍റ് കെ. ശാന്തശിവന്‍, സേവാഗ്രാം പ്രസിഡന്‍റ് ഡോ. ജി.ഹെന്‍ട്രി, വൈസ് പ്രസിഡന്‍റ് കെ. യോഹന്നാന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.