തിരക്കുള്ള സമയം ലോറിയില്‍ കരിങ്കല്ല് കടത്ത് രൂക്ഷം

ബാലരാമപുരം: കാട്ടാക്കട-വിഴിഞ്ഞം റോഡില്‍ അപകടകരമായ രീതിയില്‍ തിരക്കുള്ള സമയം ലോറിയില്‍ കരിങ്കല്ലുകള്‍ കൊണ്ടുപോകുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനാണ് പാറകള്‍ കൊണ്ടുപോകുന്നത്. പ്രതിദിനം നൂറുകണക്കിന് ടോറസ് ലോറികളാണ് തിരക്കേറിയ ബാലരാമപുരം പട്ടണത്തിലൂടെ കടന്നുപോകുന്നത്. രാവിലെയും വൈകീട്ടും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്ത്. ഈ സമയത്ത് ലോറികള്‍ വഴിമാറ്റിവിടാന്‍ പൊലീസ് തയാറാകാത്തത് വിവാദമായി. പൂന്നാവൂര്‍, കോടന്നൂര്‍, പോങ്ങുംമൂട്, നെടുമങ്ങാട്, ആര്യനാട് എന്നിവിടങ്ങളില്‍നിന്നാണ് പാറക്കല്ലുകള്‍ കയറ്റിവരുന്നത്. അമിതഭാരം കയറ്റിവരുന്ന ലോഡിന്‍െറ ഇരുവശങ്ങളിലേക്കും പാറക്കല്ലുകള്‍ തള്ളിയിരിക്കും. ഇത് വാഹനങ്ങള്‍ക്ക് സൈഡ് നല്‍കുമ്പോള്‍ സമീപത്തെ വൈദ്യുതി തൂണിലോ കേബ്ള്‍ ലൈനുകളിലോ തട്ടും. ഇതുമൂലം വൈദ്യുതി ലൈനുകള്‍, കേബ്ളുകള്‍, വശങ്ങളിലെ വാഹനങ്ങള്‍ എന്നിവക്ക് കേടുസംഭവിക്കും. വിവിധ സ്ഥലങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ എരുത്താവൂരില്‍നിന്ന് തിരിഞ്ഞ് മുക്കമ്പാലമൂട്, മുടവൂര്‍പ്പാറ വഴി വിഴിഞ്ഞത്തേക്ക് പോകാമെന്നിരിക്കെയാണ് തിരക്കേറിയ റോഡിലൂടെ കൊണ്ടുപോകുന്നത്. തിരക്കേറിയ സമയത്ത് ജങ്ഷനിലൂടെ ലോഡ് കൊണ്ടുപോകരുതെന്ന് രേഖാമൂലം എഴുതിനല്‍കിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കാറില്ല. വെള്ളിയാഴ്ച എരുത്താവൂരിന് സമീപം വന്‍ അപകടവും വൈദ്യുതിമുടക്കവും ഉണ്ടായതും ഈ നിയമലംഘന യാത്രയുടെ ഭാഗമായാണ്. തിരക്കില്ലാത്ത സമയത്തും രാത്രികാലത്തും മിതമായ അളവില്‍ പാറകള്‍ കൊണ്ടുപോകുന്നതാണ് അപകടങ്ങള്‍ തടയാനുള്ള വഴിയെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.