പള്ളിക്കലില്‍ റേഡിയോ കിയോസ്ക്കും കിണറും ഇടിച്ചുനിരത്തി

കിളിമാനൂര്‍: പഞ്ചായത്ത് അധീനതയിലുണ്ടായിരുന്ന റേഡിയോ കിയോസ്ക്കും പഞ്ചായത്ത് കിണറും സ്വകാര്യവ്യക്തി ഇടിച്ചുനികത്തിയതില്‍ വ്യാപക പ്രതിഷേധം. കൈയേറ്റത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രതികരണവേദിയുടെ നേതൃത്വത്തില്‍ പോസ്റ്ററുകള്‍ പതിച്ചു. പരാതി നല്‍കിയിട്ടും നടപടിക്ക് ഭരണസമിതി തയാറാകാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് സമരപരിപാടിക്കൊരുങ്ങുകയാണ് നാട്ടുകാര്‍. പള്ളിക്കല്‍ പഞ്ചായത്തിലെ മൂതല മോളിചന്തയിലെ പതിറ്റാണ്ട് പഴക്കമുള്ള കിണറും സമീപത്തെ റേഡിയോ നിലയവുമാണ് കഴി ഞ്ഞദിവസം സ്വകാര്യവ്യക്തി ഇടിച്ചുനിരത്തിയത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് പള്ളിക്കല്‍, മടവൂര്‍ പഞ്ചായത്തുകള്‍ ഒരുമിച്ചുകിടന്ന കാലത്ത് പ്രദേശവാസി കിണര്‍ ഉള്‍പ്പെടെയുള്ള സ്ഥലം പഞ്ചായത്തിന് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഈ സ്ഥലത്ത് പഞ്ചായത്ത് റേഡിയോനിലയം സ്ഥാപിക്കുകയും കിണര്‍ പൊതുജനങ്ങള്‍ക്കായും നല്‍കി. കഴിഞ്ഞകാലം വരെ കിണര്‍ സമീപത്തുള്ള കൊളവൂര്‍കോട് കോളനി നിവാസികള്‍ കുടിവെള്ളത്തിനും കുളിക്കാനും മറ്റ് ഗാര്‍ഹികാവശ്യത്തിനും ഉപയോഗിച്ച് വരുകയായിരുന്നു. റേഡിയോനിലയത്തിലേക്കുള്ള കറണ്ട് ചാര്‍ജ് പഞ്ചായത്താണ് അടച്ചുവന്നത്. 15 കൊല്ലം മുമ്പ് പഞ്ചായത്ത് ഇവിടെ ടി.വിയും സ്ഥാപിച്ചു. വീടുകളില്‍ ടെലിവിഷനും മറ്റും വ്യാപകമായതോടെ റേഡിയോയും ടെലിവിഷനും നശിച്ചു. കറണ്ട് ചാര്‍ജ് അടക്കാതായതോടെ വൈദ്യുതിബോര്‍ഡ് കറണ്ട് കട്ട് ചെയ്തു. നവീകരണം ഇല്ലാതെ കിടന്ന കിണറും സമീപത്തെ റേഡിയോ നിലയവും കഴിഞ്ഞദിവസം തന്‍െറ കുടുംബസ്വത്താണെന്ന് പറഞ്ഞാണ് സ്വകാര്യവ്യക്തി എക്സ്കവേറ്റര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. പരാതി നല്‍കിയിട്ടും ഒരു നടപടിയുമില്ളെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ വസ്തുവിന്‍െറ കരം ഒടുക്കുന്നത് സ്വകാര്യവ്യക്തിയാണെന്ന് വാര്‍ഡ് മെംബര്‍ പുഷ്പലത പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്‍റ് അടുക്കൂര്‍ ഉണ്ണി ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.