കപ്പല്‍ തീര്‍ത്ത ദുരിതത്തില്‍ വീര്‍പ്പുമുട്ടി കച്ചിക്കടവ്

ഇരവിപുരം: കപ്പല്‍ തീര്‍ത്ത ദുരിതത്തില്‍ വീര്‍പ്പുമുട്ടി കച്ചിക്കടവ്. ജൂണ്‍ 25നാണ് മുംബൈയിലെ മേഘാ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലെ ഹന്‍സിത എന്ന മണ്ണുമാന്തി കപ്പല്‍ നങ്കൂരം തകര്‍ന്ന് മുണ്ടക്കല്‍ കച്ചികടവ് തീരത്തേക്ക് അടിച്ചുകയറിയത്. കപ്പല്‍ തീരത്തോട് അടുക്കുന്ന വിവരം തുറമുഖ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. ശക്തമായ തിരമാലകള്‍ വീശിയടിച്ചതോടെ തീരത്തെ വീടുകളും കാക്ക തോപ്പ് തീരവും കടലെടുത്തു. കടലാക്രമണം രൂക്ഷമായതോടെ പ്രദേശവാസികള്‍ തീരദേശ റോഡ് ഉപരോധിച്ചു. എം. നൗഷാദ് എം.എല്‍.എ, മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ പ്രശ്നത്തില്‍ ഇടപെടുകയും കപ്പല്‍ മാറ്റുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. വിഷയം എം. നൗഷാദ് എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിക്കുകയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കെ.എം.എം.എല്ലിന്‍െറ സഹായത്തോടെ കപ്പല്‍ മാറ്റാന്‍ ആവശ്യമായ നടപടികള്‍ സ്ഥീകരിക്കാന്‍ തീരുമാനിച്ചു. കെ.എം എം.എല്ലില്‍ നിന്ന് ചാക്കുകള്‍ എത്തിച്ച് മണല്‍ നിറച്ച ശേഷം ടഗ് ഉപയോഗിച്ച് കപ്പല്‍ കെട്ടിവലിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കാക്ക തോപ്പ് തീരസംരക്ഷണ സമിതി കലക്ടറേറ്റ് ഉപരോധിച്ചതിനെ തുടര്‍ന്ന് ജൂലൈ 21ന് മുമ്പ് വേലിയേറ്റ സമയത്ത് കപ്പല്‍ മാറ്റുമെന്ന് സമരക്കാര്‍ക്ക് ആര്‍.ഡി.ഒ അടക്കമുള്ളവര്‍ ഉറപ്പു നല്‍കി. അന്നു മുതല്‍ തീരസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കാക്ക തോപ്പില്‍ നിരാഹാര സമരം നടത്തുകയാണ്. തുറമുഖ വകുപ്പിന്‍െറ അനാസ്ഥയാണ് കപ്പല്‍ അടിച്ചുകയറി തീരം ഇല്ലാതാക്കാന്‍ കാരണമാക്കിയതെന്നാണ് തീരദേശവാസികള്‍ ആരോപിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.