കൂരിരുട്ടില്‍ മുങ്ങി നഗരം; മിഴി തുറക്കാതെ തെരുവുവിളക്കുകള്‍

കൊല്ലം: കോര്‍പറേഷന്‍ ഡിവിഷനുകളിലെ തെരുവുവിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട് പ്രതിസന്ധി. കരാറെടുത്ത അഡ്മീഡിയ എന്ന സ്ഥാപനം പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നുവെന്ന് കത്ത് നല്‍കിയതിനെ തുടര്‍ന്ന് മേയര്‍ തിങ്കളാഴ്ച അടിയന്തര കൗണ്‍സില്‍ യോഗം വിളിക്കും. ധിക്കാരപരമായ നിലപാട് തുടരുന്ന സ്ഥാപനവുമായുള്ള കരാര്‍ റദ്ദാക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ബലിപെരുന്നാളും ഓണവും അടുത്തുവരുന്ന സാഹചര്യത്തില്‍ തെരുവുവിളക്ക് പരിപാലനം പെട്ടെന്ന് നിര്‍ത്തിവെക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നതിനാല്‍ കൂട്ടായ തീരുമാനം വേണമെന്ന് മേയര്‍ വി. രാജേന്ദ്രബാബു പറഞ്ഞു. അഡ്മീഡിയയുമായി ഒരു വട്ടം കൂടി ചര്‍ച്ച നടത്തിയശേഷം ചൊവ്വാഴ്ച അന്തിമ തീരുമാനമെടുക്കാമെന്നും അദ്ദേഹം കൗണ്‍സിലിനെ അറിയിച്ചു. കൗണ്‍സിലിനെ വെല്ലുവിളിക്കുന്ന രീതിയിലാണ് കരാറുകാരുടെ പ്രവര്‍ത്തനമെന്ന് സി.പി.ഐ അംഗം സൈജു പറഞ്ഞു. പന്തം കത്തിച്ച് ഓണം വരവേല്‍ക്കുന്ന സ്ഥിതി ഉണ്ടാവരുതെന്ന് ജെ.എസ്.എസ് അംഗം പ്രേം ഉഷാര്‍ പറഞ്ഞു. ഡിവിഷനുകളെ തിരിച്ച് തെരുവുവിളക്ക് പരിപാലനത്തിന് ഒന്നിലധികം പേര്‍ക്ക് കരാര്‍ നല്‍കണമെന്ന് ബി.ജെ.പി അംഗം തൂവനാട്ട് സുരേഷ്കുമാര്‍ അഭിപ്രായപ്പെട്ടു. കോര്‍പറേഷനെ വെല്ലുവിളിക്കുന്ന കമ്പനിയുടെ കരാര്‍ റദ്ദ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ അംഗം എ. നിസാര്‍ ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും കരാറുകാരെ തുടരാന്‍ അനുവദിക്കരുതെന്ന് സി.പി.എം അംഗം എം. സലീം ആവശ്യപ്പെട്ടു. കൗണ്‍സിലര്‍മാരെ കരാറുകാര്‍ മാനിക്കണമെന്ന് യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ എ.കെ. ഹഫീസ് പറഞ്ഞു. വ്യക്തമായ ധാരണ ഉണ്ടായില്ളെങ്കില്‍ അവരെ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ധിക്കാരപരമായി പെരുമാറുന്നവരുടെ കരാര്‍ റദ്ദാക്കണമെന്ന് എല്‍.ഡി.എഫ് അംഗങ്ങളായ എന്‍. സഹൃദയന്‍, രാജ്മോഹന്‍, എസ്. പ്രസന്നന്‍, ആനേപ്പില്‍ ഡി. സുജിത്, പി.ജെ. രാജേന്ദ്രന്‍, ബാബു, ചിന്ത എല്‍. സജിത്, യു.ഡി.എഫ് അംഗങ്ങളായ ഉദയ കരുമാലില്‍ സുകുമാരന്‍, സലീന, എസ്.ആര്‍. ബിന്ദു, എം.എസ്. ഗോപകുമാര്‍, പ്രശാന്ത് എന്നിവരും ആവശ്യപ്പെട്ടു. കരാറുകാര്‍ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്ന് മേയര്‍ മറുപടിയായി പറഞ്ഞു. ഓണത്തിന് മുമ്പ് എല്ലായിടത്തും വിളക്ക് കത്തിക്കണമെന്നത് കോര്‍പറേഷന്‍െറ ലക്ഷ്യമാണ്. സ്റ്റിയറിങ് കമ്മിറ്റി, യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്, സെക്രട്ടറി, എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി എന്നിവരടങ്ങുന്ന സംഘം കരാര്‍ കമ്പനിയുമായി ഒരിക്കല്‍ക്കൂടി ചര്‍ച്ച നടത്തും. നിഷേധാത്മക നിലപാടാണെങ്കില്‍ അന്നുതന്നെ കരാര്‍ റദ്ദാക്കി ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര കൗണ്‍സില്‍ ചേര്‍ന്നിട്ടും നടപടി എടുക്കാത്തതില്‍ ഭരണപക്ഷക്കാര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് എതിര്‍പ്പ് ഉയര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.