വടക്കേവിള ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ കിടത്തിചികിത്സ എത്രനാള്‍ കാത്തിരിക്കണം?

ഇരവിപുരം: പതിറ്റാണ്ടുകളായി കൊല്ലൂര്‍വിള പള്ളിമുക്ക് നിവാസികളും വടക്കേവിള നിവാസികളും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ എന്നാണ് കിടത്തി ചികിത്സ ആരംഭിക്കുന്നത് എന്ന്. ഇതിന് മറുപടി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. കൊല്ലൂര്‍വിള പള്ളിമുക്ക് മാര്‍ക്കറ്റിന് സമീപത്തെ വടക്കേവിള സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയിലാണ് കിടത്തിചികിത്സ ആരംഭിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നത്. എ.എ. റഹിം ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ് ഡിസ്പെന്‍സറി സ്ഥാപിച്ചത്. സ്വന്തമായി സ്ഥലവും കെട്ടിടവുമുള്ള ഇവിടെ എല്ലാ സൗകര്യങ്ങളും ഡോക്ടറും ജീവനക്കാരുമുണ്ട്. കൊല്ലം കോര്‍പറേഷന്‍ രൂപവത്കരിക്കുന്നതിന് മുമ്പ് മുഖത്തല ബ്ളോക് പഞ്ചായത്ത് അംഗമായിരുന്ന കാസിം പിള്ള മുന്‍കൈയെടുത്ത് പത്ത് കിടക്കകള്‍ അനുവദിച്ചെങ്കിലും അത് നടക്കാതെ പോകുകയായിരുന്നു. ആയുര്‍വേദമരുന്ന് നിര്‍മിക്കാനുള്ള അടുക്കളയും മറ്റും ഇവിടെയുണ്ട്. അനേകം രോഗികള്‍ മരുന്നുവാങ്ങാനായി ദിവസവും എത്തുന്ന ഇവിടെ കിടത്തി ചികിത്സിക്കേണ്ട രോഗികളെ കിലോമീറ്ററുകള്‍ അകലെയുള്ള ആശ്രാമത്തെ ആശുപത്രിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. പ്രദേശവാസിയായ എം. നൗഷാദ് എം.എല്‍.എയിലാണ് നാട്ടുകാരുടെ പ്രതീക്ഷ. എം.എല്‍.എ ഇടപെട്ട് ഇവിടെ കിടത്തിചികിത്സക്കുള്ള സംവിധാനം ഉണ്ടാക്കുമെന്നാണ് നാട്ടുകാര്‍ കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.