വാഗ്ദാനങ്ങളില്‍ ‘ആദര്‍ശ്’, കാഴ്ചയില്‍ ദുരിതകേന്ദ്രം

പരവൂര്‍: അഞ്ച് കൊല്ലം മുമ്പ് പതിച്ചുകിട്ടിയ ആദര്‍ശ് പരിവേഷം കടലാസിലൊതുങ്ങുമ്പോള്‍ പരവൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാത്രക്കാര്‍ക്ക് ദുരിതകേന്ദ്രമാകുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ സൗകര്യങ്ങളും പൂര്‍ത്തീകരിച്ച് ഉന്നത നിലവാരമുള്ള സ്റ്റേഷനാക്കി മാറ്റുമെന്നാണ് ആദര്‍ശ് പ്രഖ്യാപനഘട്ടത്തില്‍ അധികൃതരും അന്നത്തെ എം.പി എന്‍. പീതാംബരക്കുറുപ്പും പറഞ്ഞിരുന്നത്. എന്നാല്‍, പ്രഖ്യാപനം കഴിഞ്ഞ് രണ്ടരവര്‍ഷത്തോളം ഒന്നും നടന്നില്ല. പിന്നീട് ആരംഭിച്ച പണികള്‍ ഇപ്പോഴും ഇഴഞ്ഞും നീങ്ങുന്നു. പ്ളാറ്റ്ഫോമുകളുടെ നീളം വര്‍ധിപ്പിച്ചെങ്കിലും പണി പൂര്‍ത്തിയായിട്ടില്ല. ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ ജോലികള്‍ മുടങ്ങിക്കിടക്കുന്നു. ഒന്നരമീറ്റര്‍ വീതിയിലാണ് ടൈല്‍ പാകിയത്. ബാക്കി ഭാഗത്ത് ചിലയിടങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത് അശാസ്ത്രീയമായാണ്. ടൈല്‍ പാകിയതിനെക്കാള്‍ താഴ്ന്ന നിലയിലായതിനാല്‍ യാത്രക്കാര്‍ കാല്‍ തട്ടി വീഴുന്നത് പതിവായിരിക്കുകയാണ്. കൂടാതെ കൂട്ടിച്ചേര്‍ക്കലുകള്‍ പ്ളാറ്റ്ഫോമിനെ വികൃതമാക്കി. നിര്‍മാണത്തിനുള്ള കല്ലും കട്ടയും മണ്ണും പലയിടങ്ങളിലായി കിടക്കുന്നു. പതിനഞ്ചുവര്‍ഷം മുമ്പ് പൂര്‍ത്തീകരിച്ച പബ്ളിക് കംഫര്‍ട്ട് സ്റ്റേഷന്‍ ഒരിക്കല്‍പോലും യാത്രക്കാര്‍ക്ക് തുറന്നു കൊടുത്തിട്ടില്ല. സ്ത്രീകളടക്കം പ്രാഥമികാവശ്യങ്ങള്‍ക്കായി വലയുകയാണ്. നിലവിലുണ്ടായിരുന്ന ലഘുഭക്ഷണ ശാല അടച്ചുപൂട്ടി. ദാഹജലത്തിനായി സ്ഥാപിച്ചിരുന്ന ടാപ്പുകളെല്ലാം ഉപയോഗശൂന്യം. ഇരിപ്പിടസൗകര്യം നാമമാത്രമാണ്. ഒന്നാംനമ്പര്‍ പ്ളാറ്റ്ഫോമില്‍ 25 കൊല്ലം മുമ്പ് സ്ഥാപിച്ച മൂന്ന് ഫാനുകള്‍ മാത്രമാണ് ഇന്നുമുള്ളത്. രണ്ടും മൂന്നും പ്ളാറ്റ്ഫോമുകളില്‍ ഇതുമില്ല. ആവശ്യാനുസരണം പ്ളാറ്റ്ഫോമുകളില്‍ മേല്‍ക്കൂരയില്ല. മിക്ക ഭാഗങ്ങളും ഇരുളിലാണ്. ഇതിനാല്‍ രാത്രി മദ്യപാനവും ലഹരിവില്‍പനയും നിത്യസംഭവമാണ്. ചുറ്റുമതിലും തകര്‍ന്നു. കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തീരുമാനമുണ്ടായിട്ടില്ല. പാരിപ്പള്ളിയില്‍ ആരംഭിച്ച ഇ.എസ്.ഐ മെഡിക്കല്‍ കോളജിന്‍െറ ഹാള്‍ട്ടിങ് സ്റ്റേഷനായി പരവൂരിനെ നിശ്ചയിച്ചിട്ടുണ്ട്. ഇതിന്‍െറ പേരില്‍ രണ്ട് ട്രെയിനുകള്‍ക്ക് പുതുതായി സ്റ്റോപ്പനുവദിച്ചെങ്കിലും സ്ഥിരമാക്കിയിട്ടില്ല. അടിയന്തരമായി അധികൃതരുടെ ഇടപെടലുണ്ടാകണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.