പ്ളാസ്റ്റിക് കാരിബാഗുകള്‍ പിടിച്ചെടുക്കല്‍ പരിശോധനക്കിടെ പ്രതിഷേധം

കൊല്ലം: പ്ളാസ്റ്റിക് കാരിബാഗ് ഉപയോഗം കര്‍ശനമാക്കിയ കോര്‍പറേഷനില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന പരിശോധനക്കിടെ പ്രതിഷേധം. കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരോധിത പ്ളാസ്റ്റിക് കാരിബാഗുകള്‍ പിടിച്ചെടുക്കുന്നതിനെതിരെ വ്യാപാരികള്‍ സംഘടിച്ചതോടെ നേരിയ സംഘര്‍ഷമുണ്ടായി. ബുധനാഴ്ച രാവിലെ പോളയത്തോട് മാര്‍ക്കറ്റിലും ചാമക്കടയിലുമാണ് പരിശോധന നടന്നത്. ഉദ്യോഗസ്ഥരെ തടയാന്‍ ഒരു വിഭാഗം വ്യാപാരികള്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉടലെടുത്തു. പൊലീസ് എത്തി സ്ഥിതി ശാന്തമാക്കി. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത പ്ളാസ്റ്റിക്കിന്‍െറ അളവനുസരിച്ച് 50,000 രൂപ പിഴ ഈടാക്കി. ‘ഓപറേഷന്‍ സര്‍വൈവ്’ എന്ന പേരിലായിരുന്നു മിന്നല്‍പരിശോധന. 75 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ മേയറുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ പോളയത്തോട് മാര്‍ക്കറ്റില്‍നിന്ന് കസ്റ്റഡിയിലെടുത്ത രണ്ട് കച്ചവടക്കാരെ പൊലീസ് വിട്ടയച്ചു. നേരത്തേ ശേഖരിച്ച പ്ളാസ്റ്റിക് കാരിബാഗുകള്‍ വിറ്റുതീര്‍ക്കാനും പകരം സംവിധാനം ഏര്‍പ്പെടുത്താനും കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വ്യാപാരികളുടെ പ്രതിഷേധം. ആഗസ്റ്റ് ഒന്ന് മുതലാണ് 50 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക് കാരിബാഗുകള്‍ കോര്‍പറേഷന്‍ നിരോധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.