പരവൂര്‍ വെടിക്കെട്ട് ദുരന്തം: ശിശുക്ഷേമസമിതി സിറ്റിങ്ങില്‍ എത്തിയത് 84 കുട്ടികള്‍

കൊല്ലം: വെടിക്കെട്ട് ദുരന്തം നടന്ന പരവൂരില്‍ ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സിറ്റിങ്ങില്‍ എത്തിയത് 84 കുട്ടികള്‍. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പരവൂര്‍ നഗരസഭാഹാളിലായിരുന്നു സിറ്റിങ്. മേഖലയിലെ അങ്കണവാടികള്‍ മുഖേന നേരത്തേതന്നെ അപേക്ഷ സ്വീകരിച്ചിരുന്നു. ഇതിനുപുറമെ നേരിട്ടും അപേക്ഷകര്‍ എത്തി. വെടിക്കെട്ട് ദുരന്തത്തിന്‍റ ഭീതി വിട്ടുമാറാത്ത കുട്ടികളും എത്തി. ബന്ധുക്കള്‍ നഷ്ടപ്പെട്ടവര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടില്ല. കേള്‍വിയെ ബാധിച്ചവരും ഉണ്ടായിരുന്നു. ശിശുക്ഷേമ സമിതിക്ക് പുറമെ, ശിശു സംരക്ഷണ യൂനിറ്റ്, ചൈല്‍ഡ് ലൈന്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു സിറ്റിങ്. അപേക്ഷകള്‍ പരിശോധിച്ചശേഷം കേള്‍വിശക്തിക്ക് ചികിത്സ വേണ്ടവര്‍ക്കും കൗണ്‍സലിങ് വേണ്ടവര്‍ക്കും സൗകര്യങ്ങള്‍ ചെയ്യും. കുട്ടികള്‍ക്കുപുറമേ രക്ഷാകര്‍ത്താക്കളും എത്തിയിരുന്നു. ജില്ലാ ശിശു ക്ഷേമ സമിതി ചെയര്‍മാന്‍ സി.ജെ. ആന്‍റണി, അംഗങ്ങളായ സഫറുല്ലഖാന്‍, സി. കോമളവല്ലി, ബഷീര്‍, ജില്ലാ സംരക്ഷണ ഓഫിസര്‍ കെ.കെ.സുബൈര്‍, പ്രൊട്ടക്ഷന്‍ ഓഫിസര്‍ എസ്. ദീപക്, ചൈല്‍ഡ് ലൈന്‍ കോഓഡിനേറ്റര്‍ സി. അബ്രഹാം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.