ജില്ലയില്‍ അഞ്ചുകോടിയിലേറേ രൂപയുടെ കൃഷിനാശം

കൊല്ലം: കടുത്ത വേനലില്‍ ജില്ല ചുട്ടു പൊള്ളുമ്പോള്‍ ആയിരക്കണക്കിന് കര്‍ഷകരെ ദുരിതക്കയത്തിലാക്കി കൃഷികളും കരിഞ്ഞുണങ്ങുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കൃഷി വകുപ്പ് നടത്തിയ പരിശോധന പ്രകാരം അഞ്ചുകോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ 27,593 വാഴകളാണ് കരിഞ്ഞുണങ്ങിയത്. ഇതില്‍ 19,021എണ്ണം കുലച്ച വാഴകളാണ്. ഒരു ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറികള്‍ ഉണങ്ങിയതോടെ 25,000 രൂപയുടെ നാശനഷ്ടമുണ്ടായി. കിഴക്കന്‍ മേഖലയില്‍ വെറ്റില കൃഷിക്കാരും ഏറെയാണ്. ഈ മേഖലയില്‍ 26,400 രൂപയുടെ നഷ്ടമാണ് ഉള്ളതെന്ന് കൃഷി വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തുന്നു. ദിവസം കഴിയുന്തോറും നഷ്ടക്കണക്കുകള്‍ പെരുകുകയാണ്. വാഴ, കുരുമുളക്, പച്ചക്കറികള്‍, വെറ്റിലക്കൊടി, റബര്‍ തുടങ്ങിയ കൃഷികളാണ് അധികവും വേനല്‍ച്ചൂടില്‍ ഉണങ്ങിക്കരിയുന്നത്. കിണറുകളും കുളങ്ങളും വറ്റിവരണ്ടതോടെ കൃഷി നനയ്ക്കുന്നതിനും സാധിക്കാത്ത സ്ഥിതിയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതു കടുത്ത കുടിവെള്ള ക്ഷാമത്തിനും കാരണമായിരിക്കുകയാണ്. നിരവധി പേരാണു പാട്ടത്തിനു സ്ഥലം എടുത്ത് വാഴ, മരച്ചീനി തുടങ്ങിയവ കൃഷി ചെയ്യുന്നത്. ഓരോ ദിവസം കഴിയുന്തോറും കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് ക്രമാതീതമായി താഴുകയാണ്. കാര്യമായ മഴ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ വ്യാപകമായ രീതിയില്‍ കൃഷി ഉണങ്ങി നശിക്കുന്നതിനും കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതു കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കുകയും ചെയ്യും. ജില്ലയില്‍ എട്ടോളം പഞ്ചായത്തുകളിലാണ് രൂക്ഷമായ കൃഷിനാശം ഉണ്ടായിട്ടുള്ളത്. പുനലൂര്‍, കരവാളൂര്‍, ഏരൂര്‍, പട്ടാഴി നോര്‍ത്, തലവൂര്‍, ആര്യങ്കാവ്, എഴുകോണ്‍, തൃക്കരുവ പഞ്ചായത്തുകളിലാണ് കനത്ത നാശനഷ്ടം. പത്തനാപുരത്ത് വിളക്കുടി, മാങ്കോട് ഭാഗങ്ങളിലും കൃഷി നാശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.