പൂന്തുറ: സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ച് തീരദേശത്ത് ചെറുമത്സ്യവേട്ട വീണ്ടും ശക്തം. അയല്‍ സംസ്ഥാനങ്ങളിലെ കാലിത്തീറ്റ ഫാക്ടറികള്‍ക്കുവേണ്ടിയാണ് ജില്ലയുടെ തീരദേശങ്ങളില്‍ ചെറുമത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടുന്നത്. സംസ്ഥാന ഫിഷറീസ് വകുപ്പും മത്സ്യബന്ധന മേഖലയിലുള്ളവരും മത്സ്യഗവേഷണരംഗത്തെ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനങ്ങളെ അട്ടിമറിക്കുന്നരീതിയിലാണ് ഇത്. തമിഴ്നാട്ടില്‍നിന്ന് ജില്ലയുടെ തീരക്കടലില്‍ എത്തുന്ന ബോട്ടുകളാണ് ഇത്തരം മത്സ്യം കടത്തുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ചെറുമത്സ്യവേട്ട നടത്തിയ ബോട്ടുകാരുമായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ തര്‍ക്കത്തിലേര്‍പെട്ടിരുന്നു. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡും ഫിഷറീസ് വകുപ്പും ഇടപെട്ട് ഇത്തരത്തില്‍ ചെറുമത്സ്യവേട്ട നടത്തില്ളെന്ന ഉറപ്പിലാണ് ബോട്ടുകള്‍ വിട്ടയച്ചത്. എന്നാല്‍, ഇതിനെയെല്ലാം കാറ്റില്‍പറത്തി രാത്രി ജില്ലയുടെ തീരക്കടലില്‍ എത്തുന്ന ബോട്ടുകള്‍ ചെറുമത്സ്യവേട്ട നടത്തുകയാണ്. തമിഴ്നാട്ടിലെയും ആന്ധ്രയിലെയും കാലിത്തീറ്റ ഫാക്ടറികള്‍ക്ക് വേണ്ടിയാണ് ഇത്. കൂടാതെ, വളങ്ങള്‍ നിര്‍മിക്കുന്നതിനും ചെറുമത്സ്യങ്ങളെ ഉപയോഗിക്കാറുണ്ട്. 2012ല്‍ ലഭിച്ച റെക്കോഡ് മത്സ്യോല്‍പാദനത്തിനുശേഷം മൂന്ന് വര്‍ഷമായി ഉല്‍പാദനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 2016-17ല്‍ കേരളതീരത്ത് മത്സ്യമേഖലയില്‍ കടുത്ത വരള്‍ച്ചയുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ചെറുമത്സ്യങ്ങളെ പിടിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ദേശിച്ച 14 ഇനം മത്സ്യങ്ങളുടെ കുറഞ്ഞ വലിപ്പം നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മത്തി, അയല, നെയ്മീന്‍, വറ്റ തുടങ്ങി കേരളതീരത്ത് ഉല്‍പാദനം ഏറെയുള്ള മത്സ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ജൂണ്‍ ഏഴിന് സര്‍ക്കാര്‍ ത്രികക്ഷികരാര്‍ ഉണ്ടാക്കി ഫിഷറീസ് മാനേജ്മെന്‍റ് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. എന്നാല്‍, ഇവയെല്ലാം ലംഘിച്ച് നിരോധിതവലകളായ വലക്കണ്ണികള്‍ അടുപ്പം കൂടിയ ‘പെലാജിക്’ വലകള്‍ ഉപയോഗിച്ചാണ് ചെറുമത്സ്യങ്ങളെ പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.