കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വീണ്ടും മര്‍ദനം

പൂവാര്‍: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വീണ്ടും മര്‍ദനം. തിങ്കളാഴ്ച രാത്രി വിഴിഞ്ഞം ഡിപ്പോയിലെ ഡ്രൈവറും വനിതാ കണ്ടക്ടറും മര്‍ദനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് ബുധനാഴ്ച മറ്റൊരു കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മര്‍ദനമേറ്റത്. കണ്ടക്ടറെ രക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീക്ക് തലയില്‍ പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് വിഴിഞ്ഞം ഡിപ്പോയില്‍നിന്നുള്ള സര്‍വിസുകള്‍ വ്യാഴാഴ്ച മരപ്പാലംവരെമാത്രം ഓടിക്കാന്‍ തീരുമാനമായി. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ കരുംകുളത്താണ് വിഴിഞ്ഞം ഡിപ്പോയിലെ കണ്ടക്ടറും കോട്ടുകാല്‍ സ്വദേശിയുമായ കൃഷ്ണകുമാറിനും (35) ഡ്രൈവര്‍ ഷാജിക്കും മര്‍ദനമേറ്റത്. ഇവര്‍ പൂവാര്‍ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. ടിക്കറ്റെടുക്കാതെ യാത്ര ചെയ്തയാളെ ചോദ്യം ചെയ്തതിനത്തെുടര്‍ന്നായിരുന്നു മര്‍ദനം. കണ്ടക്ടറെയും ഡ്രൈവറെയും മര്‍ദിക്കുന്നതുകണ്ട് തടയാനത്തെിയ കരുംകുളം സ്വദേശി ബിയാട്രിസിനാണ് (52) ബസില്‍നിന്ന് വീണ് തലക്ക് പരിക്കേറ്റത്. ഇവരും പൂവാര്‍ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. ബുധനാഴ്ച പൂവാറില്‍നിന്നാണ് നാലുപേര്‍ ബസില്‍ കയറിയത്. ഇതില്‍ ഒരാള്‍ ടിക്കറ്റ് എടുത്തിരുന്നില്ല. ഇവര്‍ കരുംകുളത്ത് ഇറങ്ങാന്‍ തുടങ്ങവെ ഒരാള്‍ ടിക്കറ്റ് എടുത്തിട്ടില്ളെന്ന് കണ്ടക്ടര്‍ക്ക് ബോധ്യമായി. തുടര്‍ന്ന് കണ്ടക്ടര്‍ ഇയാളോട് ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രകോപിതനായ യാത്രക്കാരന്‍ മര്‍ദിക്കുകയായിരുന്നെന്ന് കണ്ടക്ടര്‍ പൊലീസിന് മൊഴി നല്‍കി. കണ്ടക്ടറെ രക്ഷിക്കാനത്തെിയ ഡ്രൈവറെയും മര്‍ദിക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മര്‍ദിച്ചതിനും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമികളെ പിടികൂടുന്നതു വരെ വിഴിഞ്ഞം ഡിപ്പോയില്‍നിന്ന് പൂവാറിലേക്കുള്ള ബസുകള്‍ ചപ്പാത്തിനുസമീപം മരപ്പാലം വരെ സര്‍വിസ് നടത്താന്‍ ജീവനക്കാര്‍ തീരുമാനിച്ചു. സമരം തുടര്‍ന്നാല്‍ പൂവാറിനും ചപ്പാത്തിനും ഇടയിലുള്ള ബസ് സര്‍വിസ് പൂര്‍ണമായും നിലക്കും. പൂവാര്‍ ഡിപ്പോയില്‍നിന്ന് കരുംകുളം പുല്ലുവിള തീരദേശ റൂട്ടുവഴി സര്‍വിസ് നടത്തില്ളെന്നും കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ യൂനിയന്‍ സംയുക്ത സമര സമിതി അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ മദ്യലഹരിയിലായിരുന്ന രണ്ട് യാത്രക്കാര്‍ വിഴിഞ്ഞം ഡിപ്പോയിലെ വനിതാ കണ്ടക്ടറും പൂങ്കുളം സ്വദേശിനിയുമായ ആര്‍. രജനി (36), അമരവിള സ്വദേശി ആര്‍. ബിജു (35) എന്നിവരെ മര്‍ദിച്ചിരുന്നു. ഈ സംഭവത്തിലും പ്രതികളെ പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് വീണ്ടും ജീവനക്കാര്‍ക്കുനേരേ അതിക്രമം ഉണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.