കൊല്ലം നഗരത്തിന് മാലിന്യം നിറഞ്ഞ കനാല്‍ ജലം; പദ്ധതി നാട്ടുകാര്‍ തടഞ്ഞു

ശാസ്താംകോട്ട: കൊല്ലം നഗരവാസികള്‍ക്കായി കല്ലട പദ്ധതി കനാലിലെ മലിനജലം പമ്പ്ചെയ്ത് ശുദ്ധീകരിച്ച് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശാസ്താംകോട്ട പഞ്ചായത്ത് അംഗത്തിന്‍െറ നേതൃത്വത്തില്‍ തടഞ്ഞു. അനുവദനീയമായതിന്‍െറ ഇരുപതിലധികം മടങ്ങ് കോളിഫോം ബാക്ടീരിയ ഉള്ള വെള്ളമാണ് ജലഅതോറിറ്റി വിതരണത്തിന് ശ്രമിക്കുന്നതെന്ന് ആരോപണമുയരുന്നു. ശാസ്താംകോട്ട ശുദ്ധജല തടാകതീരത്തെ ശുദ്ധീകരണിക്ക് വടക്ക് ഭാഗത്ത് പാല്‍ സൊസൈറ്റിക്ക് സമീപത്തെ കനാലില്‍നിന്ന് കുഴല്‍വഴി വെള്ളം ശുദ്ധീകരണിയിലത്തെിക്കാനാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്. ബുധനാഴ്ച ഉച്ചയോടെ ഇതിന്‍െറ നിര്‍മാണം നടത്താനത്തെിയപ്പോള്‍ പഞ്ചായത്ത് അംഗം ദിലീപ്കുമാറിന്‍െറ നേതൃത്വത്തില്‍ തടയുകയായിരുന്നു. തുടര്‍ന്ന് ജലഅതോറിറ്റി അസി. എക്സി. എന്‍ജിനീയര്‍ സാജിത നടത്തിയ ചര്‍ച്ച ഫലവത്തായില്ല. കൊല്ലത്തുനിന്ന് എക്സി. എന്‍ജിനീയര്‍ സജു വര്‍ഗീസും ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്‍റ് ടി.ആര്‍. ശങ്കരപ്പിള്ളയും സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. കൃഷ്ണകുമാറുമത്തെി സമരക്കാരുമായി സംസാരിച്ചു. കനാല്‍ ജലത്തിലെ മനുഷ്യവിസര്‍ജ്യം, മാംസാവശിഷ്ടങ്ങള്‍ തുടങ്ങിയ മുഴുവന്‍ ആശങ്കകളും പരിഹരിച്ചിട്ടല്ലാതെ പമ്പിങ് ആരംഭിക്കില്ളെന്ന് അവര്‍ ഉറപ്പുനല്‍കി. ഒപ്പം തടാകത്തിന്‍െറ സംരക്ഷണത്തിനായുള്ള പദ്ധതികളും കാര്യക്ഷമമാക്കുമെന്നും അറിയിച്ചു. കല്ലടയാറില്‍ കടപുഴയില്‍ തടയണ നിര്‍മിച്ച് അവിടെനിന്ന് കൊല്ലത്തേക്ക് ശാസ്താംകോട്ടയിലെ ശുദ്ധീകരണി വഴി വെള്ളമത്തെിക്കാനുള്ള ബൃഹദ്പദ്ധതി ജലഅതോറിറ്റിയുടെ കെടുകാര്യസ്ഥതമൂലം നിയമക്കുരുക്കിലാണ്. പദ്ധതിയുടെ ജലസംഭരണി നിര്‍മിക്കാനുള്ള സ്ഥലത്തിന്‍െറ ഉടമസ്ഥാവകാശം സംബന്ധിച്ച് സ്ഥലവാസി ഹൈകോടതിയില്‍നിന്ന് ആറുമാസം മുമ്പ് സ്റ്റേ സമ്പാദിച്ചിരുന്നു. ഇതിനെതിരെ നീങ്ങാനോ കോടതിയെ നിജസ്ഥിതി ബോധിപ്പിക്കാനോ തയാറാകാതെയാണ് മലിനജലം വിതരണം ചെയ്യാനുള്ള ജലഅതോറിറ്റിയുടെ ശ്രമം. ഇതാണ് നാട്ടുകാര്‍ തടഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.