കുടിവെള്ള പദ്ധതികള്‍ നിരവധി; തൊണ്ട നനയ്ക്കാന്‍ മാത്രം വെള്ളമില്ല

കുളത്തൂപ്പുഴ: ഗ്രാമപഞ്ചായത്തിനെ വരള്‍ച്ചയില്‍നിന്ന് രക്ഷിക്കാനായി കഴിഞ്ഞ കാലങ്ങളില്‍ നിരവധി കുടിവെള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും അധികൃതരുടെ അനാസ്ഥ നിമിത്തം പ്രവര്‍ത്തനക്ഷമമല്ലാതായി ഉപയോഗ ശൂന്യമായ നിലയിലാണ്. 20 വാര്‍ഡുകളുള്ള കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള പദ്ധതികളുടെ എണ്ണമെടുത്താല്‍ ഇതിലും കൂടുതലാണ്. ഇത്രയധികം കുടിവെള്ള പദ്ധതികള്‍ പ്രദേശത്തുണ്ടായിട്ടും വേനല്‍ കടുത്തതോടെ പ്രദേശവാസികള്‍ക്ക് തൊണ്ട നനയ്ക്കണമെങ്കില്‍ റവന്യൂ അധികൃതര്‍ ടാങ്കറുകളില്‍ എത്തിക്കുന്ന കുടിവെള്ളത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവില്‍. ജലനിധി പദ്ധതികള്‍, വാട്ടര്‍ അതോറിറ്റി വക കുടിവെള്ള പദ്ധതികള്‍, ബ്ളോക് പഞ്ചായത്തിന്‍െറ കിണര്‍ റീചാര്‍ജിങ്, കുളത്തൂപ്പുഴ കുടിവെള്ള പദ്ധതി തുടങ്ങി മുപ്പതിലധികം കുടിവെള്ള പദ്ധതികള്‍ പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്. ഓരോ പദ്ധതിയുടെയും പേരില്‍ ഇതിനോടകം ഗ്രാമപഞ്ചായത്തില്‍ കോടികളാണ് ചെലവഴിച്ചത്. പണം ചെലവഴിച്ച് തങ്ങളുടെ ലാഭം കരസ്ഥമാക്കുക എന്ന ലക്ഷ്യം നിറവേറ്റാനായി പദ്ധതികള്‍ ആരംഭിച്ച് പോകുന്നവര്‍ പിന്നീട് ഇവയെ തിരിഞ്ഞുനോക്കാതെ വന്നതാണ് ഇവയില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമായതിനു പിന്നില്‍. ആദിവാസി കോളനികള്‍, ഗ്രാമപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ അധികൃതര്‍ ഉപേക്ഷിച്ച് കുടിവെള്ള പദ്ധതികള്‍ നിരവധിയാണ്. ജലവിതരണ പൈപ്പുകളുടെ തകരാര്‍ നിമിത്തവും വൈദ്യുതി കുടിശ്ശിക അടയ്ക്കാന്‍ കഴിയാതെയും നിരവധി പദ്ധതികളാണ് നിലച്ചുകിടക്കുന്നത്. അറ്റകുറ്റപ്പണി നടത്തിയ ഇവയുടെ തകര്‍ച്ച പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ മാത്രം മതി പ്രദേശത്തെ വരള്‍ച്ചക്ക് ഒരു പരിധി വരെ പരിഹാരം കാണാമെന്നിരിക്കെ ഇതിനു അധികൃതര്‍ തയാറല്ല. കുടിവെള്ളത്തിനായുള്ള ജനങ്ങളുടെ മുറവിളിക്ക് പകരമായി വല്ലപ്പോഴും ടാങ്കറുകളില്‍ വെള്ളമത്തെിച്ച് നല്‍കി അധികൃതര്‍ കൈയൊഴിയുകയാണ്. ടാങ്കറുകളില്‍ കുടിവെള്ളമത്തെിക്കുന്നതിന്‍്റെ പേരില്‍ റവന്യൂ വകുപ്പ് വര്‍ഷാവര്‍ഷം കോടികളാണ് വകമാറ്റുന്നത്. ഈ തുക മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണിക്കായി നല്‍കിയാല്‍ പോലും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നിരിക്കെ ഇതിനു തയാറാകാതെ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുള്ള തത്രപ്പാടിലാണ് അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.