അരുവികളും തോടുകളും വറ്റി; വന്യമൃഗങ്ങള്‍ നാട്ടിലേക്ക്

കുളത്തൂപ്പുഴ: കിഴക്കന്‍ മലയോരത്ത് ചൂട് ക്രമാതീതമായി ഉയര്‍ന്നതോടെ കിണറുകളും കുളങ്ങളും വരണ്ടുണങ്ങി. വനത്തിനുള്ളിലെ അരുവികളും തോടുകളും വറ്റിയതോടെ വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നു. കുടിവെള്ളം തേടി കാട്ടാനക്കൂട്ടങ്ങളും കാട്ടുപോത്തുകളുമാണ് ജനവാസമേഖലയിലേക്ക് എത്തുന്നത്. വില്ലുമല, അമ്പതേക്കര്‍ പ്രദേശങ്ങളില്‍ വരണ്ടുണങ്ങിയ തോട്ടിലൂടെ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് കഴിഞ്ഞദിവസങ്ങളില്‍ എത്തിയിരുന്നു. തോട്ടില്‍ പാറക്കെട്ടുകള്‍ക്കുള്ളിലും താഴ്ന്ന കുഴികളിലും കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കാനാണ് ഇവയത്തെുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ജോലിക്കായി പോവുകയായിരുന്ന പ്രദേശവാസികള്‍ വഴിയരികില്‍ കാട്ടുപോത്തിനെ കണ്ടതായും പറയപ്പെടുന്നു. കൂടാതെ, അടച്ചുറപ്പില്ലാത്ത വീടുകളില്‍ ജനാലവഴിയും ഓടിളക്കിയും അകത്തുകടക്കുന്ന വാനരസംഘം വീടുകള്‍ക്കുള്ളില്‍ കുടങ്ങളിലും കലങ്ങളിലും സൂക്ഷിക്കുന്ന വെള്ളം കുടിക്കുകയും അതിലിറങ്ങി കുളിച്ച് മലിനമാക്കുകയും ചെയ്യുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കുളത്തൂപ്പുഴയാറിലേക്ക് വെള്ളമത്തെിക്കുന്ന അരുവികളായ ചണ്ണമലത്തോട്, ഇരുതോട്, കുഞ്ഞുമാന്‍തോട്, മുപ്പതടിപ്പാലം തോട് തുടങ്ങിയവയെല്ലാം നീരൊഴുക്ക് നിലച്ച് വരണ്ടുണങ്ങിയ നിലയിലാണ്. ഗ്രാമപ്രദേശങ്ങളില്‍ പലയിടത്തും കിണറുകളിലെ ജലനിരപ്പ് താഴുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ വയലുകളിലും ചതുപ്പ് നിലങ്ങളിലും കുഴികള്‍ കുത്തിയാണ് ഇപ്പോള്‍ ജനങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്നത്. ഒരാഴ്ചയിലധികമായി അന്തരീക്ഷ താപനില ഏറ്റവും കൂടിയ നിലയിലേക്ക് എത്തി. ഇക്കുറി സമീപപ്രദേശങ്ങളിലെല്ലാം വേനല്‍ മഴ ലഭിച്ചെങ്കിലും കുളത്തൂപ്പുഴ പഞ്ചായത്തില്‍ മഴയത്തെിയില്ല. പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ കുളത്തൂപ്പുഴ കുടിവെള്ളപദ്ധതിയിലൂടെ ജലം ലഭിക്കുന്നുണ്ടെങ്കിലും പട്ടികജാതി പട്ടികവര്‍ഗകോളനികളില്‍ പദ്ധതിയുടെ ഗുണം ലഭിക്കുന്നില്ല. റവന്യൂവകുപ്പിന്‍െറ നേതൃത്വത്തില്‍ വാഹനങ്ങളില്‍ കുടിവെള്ളമത്തെിക്കുന്നുണ്ടെങ്കിലും ഇതും പര്യാപ്തമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.