കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

കൊല്ലം: ‘ക്ളീന്‍ സിറ്റി സേഫ് യൂത്ത്’ പദ്ധതിയുടെ ഭാഗമായി കൊല്ലത്ത് നടത്തിയ പരിശോധനയില്‍ 75 പൊതി കഞ്ചാവുമായി മൂന്നുപേരെ കൊല്ലം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. തഴുത്തല പേരയം കിഴവൂര്‍ സുധീഷ് ഭവനില്‍ സി. രതീഷ് (18), സഹോദരന്‍ സുധീഷ് (23), കിഴവൂര്‍ നിയാസ് മന്‍സിലില്‍ എസ്. നിഷാദ് (നിയാസ് -21) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കണ്ടെടുത്തു. ബൈക്ക് കത്തിച്ചതിന് രതീഷിനെതിരെ എഴുകോണ്‍ പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. കിഴവൂര്‍ മിനി കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടക്കുന്നതായി അസി. എക്സൈസ് കമീഷണര്‍ ജി. രാധാകൃഷ്ണപിള്ളക്ക് പരാതി ലഭിച്ചിരുന്നു. കിഴവൂര്‍ ജങ്ഷന് സമീപം വാഹനപരിശോധന നടക്കുന്നതിനിടെ എക്സൈസ് സംഘത്തെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച മൂവരെയും കോളനിവാസികളുടെ സഹായത്തോടെയാണ് പിടികൂടിയത്. പ്രധാന കഞ്ചാവ് കച്ചവടക്കാരനായ പെരുമ്പുഴ സ്വദേശി അജിയുടെ സഹായികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. സ്കൂട്ടറില്‍ തമിഴ്നാട്ടില്‍ പോയാണ് കഞ്ചാവ് കൊണ്ടുവരുന്നത്. കഞ്ചാവ് പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സെലോടേപ്കൊണ്ട് ചുറ്റി നൂലുകെട്ടി പെട്രോള്‍ ടാങ്കില്‍ ഇറക്കിവെച്ചും സ്കൂട്ടറിന്‍െറ പ്ളാറ്റ്ഫോമിനടിയില്‍ രഹസ്യ അറ നിര്‍മിച്ചുമാണ് കടത്തിയിരുന്നത്. 500 രൂപ വിലവരുന്ന പൊതികളിലാക്കിയാണ് ഇവ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്. എക്സൈസ് സി.ഐ ഡി. സിനു, ഇന്‍സ്പെക്ടര്‍ ജി. വിനോജ്, പ്രിവന്‍റിവ് ഓഫിസര്‍ ആര്‍.ജി. വിനോദ്, ഷാഡോ അംഗങ്ങളായ അരുണ്‍ ആന്‍റണി, അശ്വന്ത് എസ്. സുന്ദരം, എമേഴ്സന്‍ ലാസര്‍, വിഷ്ണുരാജ്, ടി.എസ്. സുനില്‍, റാസ്മിയ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ കൂടുതല്‍ റെയ്ഡുകള്‍ നടത്തുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ വി.ആര്‍. അനില്‍കുമാര്‍ അറിയിച്ചു. കഞ്ചാവും മറ്റ് മയക്കുമരുന്നുകളെയും പറ്റി പൊതുജനങ്ങള്‍ക്കുള്ള പരാതി 0474 2767822, 9400069439, 9400069440 എന്നീ നമ്പറുകളില്‍ അറിയിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.