വൃക്കരോഗിക്ക് പൊലീസ് സ്റ്റേഷനില്‍ മരുന്നും ആഹാരവും നിഷേധിച്ചെന്ന്

നെടുമങ്ങാട്: പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുവൃക്കയും തകരാറിലായ പരിസ്ഥിതി പ്രവര്‍ത്തകന് സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നല്‍കാന്‍ പൊലീസ് സമ്മതിക്കാത്തതിനെ തുടര്‍ന്ന് രോഗം ഗുരുതരമായി. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നെടുമങ്ങാട് പ്രകൃതീയം പരിസ്ഥിതി പ്രവര്‍ത്തകനും കെ.എസ്.ആര്‍.ടി.സി നെടുമങ്ങാട് ഡിപ്പോയിലെ കണ്ടക്ടറുമായ ഇരിഞ്ചയം സജിത്തിനെയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ മരുന്ന് നിഷേധിച്ച് പീഡിപ്പിച്ചത്. ആറ് മാസമായി ഡയബറ്റിക് നെഫ്രോപ്പതി സ്റ്റേജ് -4 രോഗത്തിന് സജിത് ചികിത്സയിലാണ്. സമയാസമയങ്ങളില്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ ഉള്‍പ്പടെയുള്ള മരുന്നുകള്‍ കഴിക്കുകയാണ്. കര്‍ശന ആഹാര നിയന്ത്രണവുമുണ്ടെന്ന് പറയുന്നു. കഴിഞ്ഞ ദിവസം രാത്രി എത്തിയ പൊലീസുകാര്‍ സജിത്തിനെ പിടിച്ചുകൊണ്ടുപോയി. വാറന്‍റ് കേസില്‍ പ്രതിയാണെന്ന് പറഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പൊലീസ് ആരോപിക്കുന്ന കേസില്‍ ജാമ്യമെടുത്തെന്ന് പറഞ്ഞിട്ടും പിടിച്ചുവലിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നത്രെ. സജിത്തിനെ കസ്റ്റഡിയിലെടുത്തയുടനെ ബന്ധുക്കള്‍ കഴിക്കാനുള്ള മരുന്നും കുറിപ്പടികളും പൊലീസിനെ ഏല്‍പിച്ചു. സ്റ്റേഷനില്‍ 11ലധികം പേര്‍ ഉള്ള സെല്ലില്‍ പുലരുംവരെ നില്‍ക്കേണ്ടിവന്ന സജിത്തിന് കാലില്‍ നീരുവന്നു. മരുന്നും ഭക്ഷണവും ചോദിക്കുമ്പോഴെല്ലാം പൊലീസുകാര്‍ തെറിയഭിഷേകമാണ് നടത്തിയതെന്നും സജിത്ത് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അബോധാവസ്ഥയിലായ സജിത്തിന് രാവിലെ ജനപ്രതിനിധികളും നാട്ടുകാരും പൊലീസ് സ്റ്റേഷനിലത്തെി ബഹളമുണ്ടാക്കിയ ശേഷമാണ് ഇന്‍സുലിന്‍ കുത്തിവെപ്പെടുത്തത്. എന്നിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അനുവദിച്ചില്ല. വൈകീട്ട് മൂന്നോടെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് പറഞ്ഞ കേസില്‍ സജിത്ത് ജാമ്യമെടുത്തതായി കണ്ടത്തെി. തുടര്‍ന്ന് മറ്റൊരു കേസില്‍ പ്രതിയാക്കി കോടതിയില്‍ ഹാജരാക്കി. കോടതി ജാമ്യം അനുവദിച്ചതിനുശേഷമാണ് ബന്ധുക്കള്‍ സജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചത്. തനിക്ക് മരുന്നും ഭക്ഷണവും നിഷേധിച്ച നെടുമങ്ങാട് എസ്.ഐ തന്‍സീം , സിവില്‍ പൊലീസ് ഓഫിസര്‍ അനില്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സജിത്ത് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി നെടുമങ്ങാട് ഡിവൈ.എസ്.പിക്ക് നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.