ന്യൂജനറേഷനെ കട്ടയ്ക്ക് പിടിക്കാന്‍ ഐ.ടി പരിശീലനവുമായി മുന്നണികള്‍

കടയ്ക്കല്‍: ന്യൂജന്‍ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ഐ.ടി പരിശീലനവുമായി മുന്നണികള്‍. നവമാധ്യമങ്ങള്‍ വലിയ വിഭാഗം വോട്ടര്‍മാരെ സ്വാധീനിക്കുന്നുണ്ടെന്ന തിരിച്ചറിവിലാണ് ന്യൂജനറേഷനെ കട്ടയ്ക്ക് പിടിക്കാന്‍ മുന്നണികള്‍ പരിശീലനം നല്‍കുന്നത്. നേരത്തേ തന്നെ ഫേസ്ബുക്, വാട്സ്ആപ്, ട്വിറ്റര്‍ അടക്കമുള്ള നവമാധ്യമങ്ങളില്‍ ആശയപ്രചാരണം നടത്താന്‍ ഇടത്, വലത്, ബി.ജെ.പി പാര്‍ട്ടികള്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയും പ്രത്യേക ഗ്രൂപ്പുകള്‍ രൂപവത്കരിക്കുകയും ചെയ്തിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം ഇടത്-വലത് മുന്നണികള്‍ പ്രചാരണ ചുമതല പരസ്യകമ്പനികളെയാണ് ഏല്‍പിച്ചിരിക്കുന്നത്. നവമാധ്യമങ്ങളിലെ പ്രചാരണ ചുമതലയും കമ്പനികള്‍ക്കുതന്നെ. ബി.ജെ.പി അവരുടെ ഐ.ടി സെല്ലിനെയാണ് ആശ്രയിക്കുന്നത്. പരസ്യ കമ്പനികളുടെ ചുമതലക്കാരുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് നവമാധ്യമ പ്രവര്‍ത്തകര്‍ക്ക് ജില്ലാ-മണ്ഡല അടിസ്ഥാനങ്ങളില്‍ പരിശീലനം നല്‍കിത്തുടങ്ങിയിട്ടുണ്ട്. മുന്നണി സ്ഥാനാര്‍ഥിയുടെ വിജയത്തിനായി എന്തെല്ലാം പോസ്റ്റുകള്‍ തയാറാക്കാം, ട്രോളുകള്‍ എങ്ങനെയെല്ലാം ഉണ്ടാക്കാം, നേതാക്കളുടെ പ്രസംഗങ്ങള്‍ എങ്ങനെയെല്ലാം വോട്ടര്‍മാരില്‍ എത്തിക്കാം എന്നിങ്ങനെയാണ് പരിശീലനം. എല്‍.ഡി.എഫും യു.ഡി.എഫും പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രത്യേക സൈബര്‍ കമ്മിറ്റികള്‍ രൂപവത്കരിക്കുകയും ചുമതലക്കാരെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. പരിശീലനം നേടിയ സൈബര്‍ പോരാളികള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തിറങ്ങിയതോടെ പ്രചാരണത്തിന് ചൂടുപിടിച്ചിട്ടുണ്ട്. സൈബര്‍ പോരാട്ടം ശക്തമായതോടെ നിരീക്ഷണത്തിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സൈബര്‍ സംഘവും ഇറങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.