‘എന്‍െറ കൊല്ല’ത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കുണ്ടറ

കുണ്ടറ: മാലിന്യവും ഗതാഗതക്കുരുക്കും മൂലം ദുരിതമനുഭവിക്കുന്ന കുണ്ടറ നിവാസികള്‍ കലക്ടര്‍ എ. ഷൈനമോളുടെ പുതിയ നവീകരണ പദ്ധതിയില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ്. പഞ്ചായത്ത്തല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അല്‍പം കര്‍ശനമായ ഇടപെടലുണ്ടെങ്കില്‍ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നം മാത്രമേ കുണ്ടറയെ സംബന്ധിച്ചുള്ളൂ. എങ്കിലും മിക്കപ്പോഴും ഇവരൊക്കെയും മുക്കടയെ മലിനമാക്കുന്നവര്‍ക്കും, ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നവര്‍ക്കും ഒപ്പമാണ്. മിനി സിവില്‍ സ്റ്റേഷനും, പഞ്ചായത്ത് -വില്ളേജ് ഓഫിസുകളും ഐ.എച്ച്.ആര്‍.ഡി.കോളജുകളും സിറാമിക്സ്, കെല്‍ ഉള്‍പ്പെടെ ഫാക്ടറികളുടെയും കേന്ദ്രമാണ് കുണ്ടറ. ഇവിടേക്കുള്ള ജനം എത്തുന്നത് കുണ്ടറ മുക്കടയിലും. കാല്‍ നൂറ്റാണ്ടായി മൂക്ക് പൊത്താതെ മുക്കടയില്‍ നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അറവുശാലകളിലെ മാലിന്യവും വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യവും മുക്കടയിലും പരിസരങ്ങളിലും റെയില്‍വേ പുറമ്പോക്കിലും റെയില്‍വേ കലുങ്കിനുള്ളിലും കീഴ്പാലത്തിന് സമീപവും വന്‍തോതില്‍ നിക്ഷേപിക്കുകയാണ്. പഞ്ചായത്തും ആരോഗ്യ വകുപ്പും പൊലീസും കര്‍ശനനടപടി സ്വീകരിച്ചാല്‍ ഒരാഴ്ചകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണിത്. എം.എ. ബേബി എം.എല്‍.എയുടെ നേതൃത്വത്തില്‍ നാലുവര്‍ഷം മുമ്പ് കുണ്ടറയെ വൃത്തിയാക്കാന്‍ കൊണ്ടുവന്ന ‘ഹരിത കുണ്ടറ’ പദ്ധതിക്കും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. പദ്ധതിക്ക് മുക്കടയെപ്പോലും ശുചിത്വപൂര്‍ണമാക്കാനായില്ല. കോഴിക്കടകളിലെയും അറവുശാലകളിലെയും മത്സ്യ മാര്‍ക്കറ്റിലെയും മാലിന്യം യഥേഷ്ടം പൊതുസ്ഥലങ്ങളില്‍ പതിവായി നിക്ഷേപിച്ചിട്ടും ഇതു പരിഹരിക്കാന്‍ നടപടിയില്ല. മാലിന്യം പോലെ കുണ്ടറയെ വീര്‍പ്പുമുട്ടിക്കുന്നതാണ് മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക്. ഇതു പരിഹരിക്കേണ്ട പൊലീസ് കുണ്ടറയില്‍ സ്ഥിരമായി ‘ഗാഢനിദ്ര’യിലാണ്. എട്ട് വര്‍ഷം മുമ്പ് അന്നത്തെ സി.ഐ ഇക്ബാലും എസ്.ഐ എ. പ്രദീപ്കുമാറും, ജില്ലാ പൊലീസ് മേധാവികളുടെ സഹകരണത്തോടെ നാട്ടിലെ വിവിധ സംഘടകളുമായി കൂടിയാലോചിച്ച് നടത്തിയ ട്രാഫിക് പരിഷ്കാരം ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. ചന്ദനത്തോപ്പ്, കേരളപുരം, ഇളമ്പള്ളൂര്‍, മുക്കട, ആശുപത്രിമുക്ക്, പള്ളിമുക്ക്, പെരുമ്പുഴ എന്നിവിടങ്ങളിലെ ബസ് ബേകള്‍ ക്രമീകരിക്കുകയും ഓട്ടോ ടാക്സി, റെസിഡന്‍റ്സ് അസോസിയേഷനുകള്‍, നാട്ടിലെ യുവാക്കളുടെ കൂട്ടായ്മകള്‍ എന്നിവ പ്രയോജപ്പെടുത്തി ജനകീയമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മുക്കടയില്‍ സ്ഥിരമായി യാത്രക്കാരെയും മറ്റും സഹായിക്കാന്‍ പൊലീസ് ഹാള്‍ട്ട് പോയന്‍റ് ആരംഭിക്കുകയും ചെയ്തിരുന്നു. മാലിന്യം പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ നാട്ടുകാരുടെ സ്ക്വാഡുകള്‍ രൂപവത്കരിക്കുകയും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ കടകള്‍ക്ക് മുന്നില്‍ ഹെവി വാഹനങ്ങളും ടെമ്പോവാഹനങ്ങളും ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത് ലോഡ് ഇറക്കുന്നത് നിരോധിക്കുകയും അതുവഴി ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയും ചെയ്തിരുന്നു. എല്ലാവരുമായി ആലോചിച്ച് തീരുമാനിച്ചു നടപ്പിലാക്കുന്ന നടപടികളെ അവഗണിക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് നിയമപരമായി നല്‍കാവുന്ന കര്‍ശന ശിക്ഷകളും നല്‍കിയിരുന്നു. ബസ് ബേകളില്‍നിന്ന് മാറ്റി റോഡില്‍ കയറ്റി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രാസ്പോര്‍ട്ട് ബസ് ഡ്രൈവര്‍മാര്‍ക്ക് ഉള്‍പ്പെടെ പരമാവധി പെറ്റി ലഭിച്ചതോടെ ക്രമീകരണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞു. ഇവരുടെ സ്ഥലം മാറ്റത്തോടെ പിന്നാലെ എത്തിയവര്‍ നടപടികള്‍ക്ക് തുടര്‍ച്ച നല്‍കാതിരുന്നതും ജനപ്രതിനിധികള്‍ ഇതിനായി ആര്‍ജവം കാട്ടാതിരുന്നതും കുണ്ടറയെ വീണ്ടും ദുരിതത്തിലാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.