കയറിക്കിടക്കാന്‍ സ്ഥലമില്ലാതെ ആനവണ്ടികള്‍

കൊല്ലം: ഇത് കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ്. ആകെയുള്ളത് 141 ബസ്. ഇതില്‍ കട്ടപ്പുറത്ത് കിടക്കുന്നതാകട്ടെ 30ലധികം ബസ്. പുതുതായി വരാനുള്ളത് 61 ബസ്. ഇതില്‍ നാല് ബസ് സര്‍വിസ് ആരംഭിച്ചെങ്കിലും പുതിയ ബസുകളടക്കം സ്റ്റാന്‍ഡില്‍ വന്നുതുടങ്ങിയതോടെ പാര്‍ക്ക് ചെയ്യാനിടമില്ലാതെ ബുദ്ധിമുട്ടുകയാണ് കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ്. മുപ്പതോളം ബസുകളാണ് ഞെരുങ്ങിയമര്‍ന്ന് സ്റ്റാന്‍ഡില്‍ രാത്രി പാര്‍ക്ക് ചെയ്യുന്നത്. ഭൂരിഭാഗവും പുതിയ ബസുകളാണ് സ്റ്റാന്‍ഡില്‍ നിര്‍ത്തുന്നത്. ബാക്കിയുള്ള ബസുകള്‍ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലായാണ് നിര്‍ത്തിയിടുക. ആശ്രാമം ലിങ്ക് റോഡിന്‍െറ ഇരുവശവുമാണ് കൂടുതല്‍ ബസുകളും പാര്‍ക്ക് ചെയ്യുന്നത്. രാത്രി സാമൂഹിക വിരുദ്ധര്‍ താവളമാക്കുകയാണ് ഇവിടെയുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍. കഴിഞ്ഞ ശനിയാഴ്ച രാത്രി ലിങ്ക് റോഡില്‍ ക്രൈംബ്രാഞ്ച് ഓഫിസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബസുകളുടെ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു. സ്റ്റാന്‍ഡില്‍ സെക്യൂരിറ്റി സ്റ്റാഫ് ഉണ്ടെങ്കിലും റോഡില്‍ കിടക്കുന്നവ കൃത്യമായി പരിശോധിക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല. പൊലീസ് പരിശോധന പേരിന് നടക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ളെന്നും പരാതിയുണ്ട്. സ്ഥലം ഉണ്ട്; ചുറ്റിക്കറങ്ങണം കൊല്ലം കോര്‍പറേഷന്‍ കെ.എസ്.ആര്‍.ടി.സിക്ക് പാര്‍ക്ക് ചെയ്യാന്‍ 50 സെന്‍റ് സ്ഥലം അനുവദിച്ചെങ്കിലും കാടുകയറി നശിക്കുകയാണ്. ആണ്ടാമുക്കം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന് സമീപത്താണ് സ്ഥലം അനുവദിച്ചിട്ടുള്ളത്. തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമായ സ്ഥലത്ത് ഇപ്പോള്‍ മാലിന്യങ്ങള്‍ തള്ളുകയാണ്. ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം മണ്ണിട്ട് നികത്തണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന് സ്റ്റേഷന്‍ അധികൃതര്‍ നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഡിപ്പോയില്‍ നിന്ന് ആണ്ടാമുക്കം പോയി ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത് പ്രയാസകരമാണെന്നും ജീവനക്കാര്‍ പറയുന്നു. സ്പെയര്‍പാര്‍ട്സിന് ക്ഷാമം... ദീര്‍ഘദൂര ബസുകളുള്‍പ്പെടെ മുപ്പതോളം ട്രാന്‍.ബസുകളാണ് മാസങ്ങളായി കട്ടപ്പുറത്തുള്ളത്. ആവശ്യത്തിന് സ്പെയര്‍പാര്‍ട്ടുകള്‍ ഇല്ലാത്തതാണ് കട്ടപ്പുറത്താകാന്‍ കാരണം. ചെറിയ ബോള്‍ട്ടുകള്‍പോലും ഇല്ലാത്ത ഗാരേജില്‍ ബസുകള്‍ കയറ്റിയിടുമ്പോള്‍ പലയിടങ്ങളിലെയും സര്‍വിസ് റദ്ദാക്കുകയാണ് ചെയ്യുന്നത്. മിക്കതും കാലപ്പഴക്കം ചെന്ന ബസുകളാണ് ഡിപ്പോയിലുള്ളത്. ദീര്‍ഘദൂര ബസുകള്‍ക്കും മറ്റും അഞ്ചുവര്‍ഷമാണ് കാലാവധി. പിന്നീട് ഈ ബസുകള്‍ ഓര്‍ഡിനറിയായി സര്‍വിസ് നടത്തുകയാണ് ചെയ്യുന്നത്. 21 ഫാസ്റ്റുകളാണ് ഉള്ളത്. ഇതില്‍ 10നും പെര്‍മിറ്റ് തീര്‍ന്നവയാണ്. ബാക്കിയുള്ളവ മാത്രമാണ് സര്‍വിസ് നടത്തുന്നത്. പഴക്കം ചെന്ന ബസുകളായതിനാല്‍ യാത്രക്കാരുടെ കുറവ് കലക്ഷനെ ബാധിക്കുന്നുണ്ട്. നല്ല കലക്ഷന്‍ കിട്ടുന്ന ബസുകളെല്ലാം കട്ടപ്പുറത്താകുമ്പോള്‍ സര്‍വിസ് വെട്ടിച്ചുരുക്കും. കൊല്ലം-തൃശൂര്‍, കൊല്ലം-തിരുവനന്തപുരം-എറണാകുളം എന്നീ രണ്ട് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്കും ഇതേ അവസ്ഥയായിരുന്നു. കൊല്ലം - തൃശൂര്‍ സൂപ്പര്‍ ഫാസ്റ്റിന് ഒറ്റദിവസം കൊണ്ട് 24,000 രൂപയോളം കലക്ഷന്‍ ലഭിക്കുമായിരുന്നെങ്കില്‍ പകരം ഫാസ്റ്റ് ബസ് വിട്ടെങ്കിലും കലക്ഷന്‍ 10,000ത്തില്‍ താഴെയായിരുന്നെന്ന് ജീവനക്കാര്‍ പറയുന്നു. പുതിയ ബസുകള്‍ ഉടന്‍... പുതുതായി അനുവദിച്ച 14 ജനുറം ബസുകളും 37 മാര്‍ക്കോപോളോ ബസും 10 ഫാസ്റ്റുകളും വരും ദിവസങ്ങളില്‍ ഡിപ്പോയിലത്തെും. നാല് ജനുറം ബസ് നിലവില്‍ സര്‍വിസ് ആരംഭിച്ചു. മൂന്ന് പതിറ്റാണ്ടുമുമ്പ് നിര്‍ത്തലാക്കിയ തേക്കടി സര്‍വിസിന് തിങ്കളാഴ്ച ഡിപ്പോയില്‍ തുടക്കമായി. പി.കെ. ഗുരുദാസന്‍ എം.എല്‍.എയാണ് ആദ്യ സര്‍വിസ് ഉദ്ഘാടനം ചെയ്തത്. കൊല്ലം-ഗുരുവായൂര്‍, കൊല്ലം-തൃശൂര്‍, കൊല്ലം-പുനലൂര്‍ സര്‍വിസുകളും ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.