ഹൈമാസ്റ്റ് ലൈറ്റുകള്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് ബാധ്യതയാകുന്നു

അഞ്ചല്‍: പ്രധാന കവലകളിലും മറ്റും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് ബാധ്യതയായിമാറുന്നു. അഞ്ചുമുതല്‍ 10 വരെ ഹൈമാസ്റ്റ് ലൈറ്റുകളാണ് ഓരോ ഗ്രാമപഞ്ചായത്ത് അതിര്‍ത്തികളിലും നിലവിലുള്ളത്. ഇതില്‍ മിക്കതും പൂര്‍ണമായോ ഭാഗികമായോ പ്രവര്‍ത്തനരഹിതമാണ്. എങ്കിലും ഇവയുടെ വൈദ്യുതിച്ചെലവ് വഹിക്കേണ്ടത് അതത് ഗ്രാമപഞ്ചായത്തുകളാണ്. ആറുമുതല്‍ 10 ലക്ഷം രൂപ വരെയാണ് പ്രതിമാസം ഗ്രാമപഞ്ചായത്തുകള്‍ വൈദ്യുതിബോര്‍ഡില്‍ അടയ്ക്കുന്നത്. ഇതിന്‍െറ പകുതിയിലധികവും ഹൈമാസ്റ്റ് ലൈറ്റുകള്‍ക്കുവേണ്ടിയാണ്. പ്രവര്‍ത്തനരഹിതമായവ നന്നാക്കേണ്ട ബാധ്യതയും അതത് ഗ്രാമപഞ്ചായത്തുകള്‍ക്കാണ്. സ്ഥാപിച്ച് ഒരുവര്‍ഷം വരെയുള്ള അറ്റകുറ്റപ്പണിയാണ് കമ്പനികള്‍ ഏറ്റെടുക്കുന്നത്. പഞ്ചായത്തുകള്‍ അറ്റകുറ്റപ്പണി നിര്‍വഹിക്കുന്നതിനുള്ള ഫണ്ട് ചെലവഴിക്കുന്നതിനും ചില നിയന്ത്രണങ്ങളുണ്ട്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി ഏതാണ്ട് അവസാനിക്കാറായിരിക്കെ പുതിയ പ്രോജക്ട് വെച്ച് ഫണ്ട് അനുവദിക്കാനുള്ള ശ്രമങ്ങള്‍ക്ക് സാധ്യതയില്ല. ഗ്രാമപഞ്ചായത്തുകളുടെ ഫണ്ടില്‍നിന്നാണ് ഇപ്പോള്‍ തുക ചെലവഴിക്കുന്നത്.എം.എല്‍.എ, എം.പി ഫണ്ടുകള്‍, വിവിധ സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ജില്ലാ- ബ്ളോക് പഞ്ചായത്തുകള്‍ എന്നിങ്ങനെ സ്ഥാപനങ്ങള്‍ വഴിയാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. ഒരു ലൈറ്റ് സിസ്റ്റത്തിന് ശരാശരി നാലുലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍, ഗവ. അംഗീകൃത സ്വകാര്യ ഏജന്‍സികള്‍ മുതലായവയാണ് ലൈറ്റ് സിസ്റ്റം പഞ്ചായത്ത് പ്രദേശങ്ങളില്‍ സ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.