വിക്ടോറിയയില്‍ ഇനി കുരുന്നുകള്‍ പിറന്നുവീഴുക ‘സ്വപ്നച്ചിറകിലേക്ക്’

കൊല്ലം: ശൈശവങ്ങളെ രോഗമുക്തരാക്കി മാറ്റുന്നതിന് ജില്ലാ പഞ്ചായത്ത് തയാറിക്കിയ സ്വപ്നച്ചിറക് പദ്ധതി ബുധനാഴ്ച തുടങ്ങും. ആദ്യഘട്ടത്തില്‍ ജില്ലാ വിക്ടോറിയ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതരത്തിലാണ് പദ്ധതി. കുട്ടിയുടെ ജനനം മുതല്‍ അഞ്ചുവയസ്സുവരെ മാനസികവും ശാരീരികവുമായ വളര്‍ച്ചപ്പടവുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പദ്ധതിയാണ് ‘സ്വപ്നച്ചിറക്’. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ എല്ലാ വിവരങ്ങളും കമ്പ്യൂട്ടറില്‍ സൂക്ഷിക്കും. കുട്ടിയുടെ തൂക്കം ശരാശരിയെക്കാള്‍ കൂടുതലാണോ കുറവാണോ, ബ്ളഡ് ഗ്രൂപ്, ജനിച്ച സമയം ഏതെങ്കിലും തരത്തിലെ രോഗങ്ങളുണ്ടോ, എടുക്കേണ്ട കുത്തിവെപ്പുകള്‍, മാതാപിതാക്കളുടെ അടിസ്ഥാന വിവരങ്ങള്‍, അവരുടെ പ്രത്യേകതകള്‍, രോഗവിവരങ്ങള്‍ എന്നിവയെല്ലാംതന്നെ കമ്പ്യൂട്ടറില്‍ ശേഖരിച്ച് പ്രത്യേകം കാര്‍ഡ് രക്ഷാകര്‍ത്താക്കള്‍ക്ക് നല്‍കും. കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ഹൈപ്പര്‍ തൈറോയിഡിസം, തലച്ചോറിനുണ്ടാകുന്ന പ്രശ്നങ്ങള്‍, കേള്‍വി പ്രശ്നങ്ങള്‍, ഹൃദയവുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങള്‍ എന്നിവ കുഞ്ഞ് ജനിച്ചാലുടന്‍തന്നെ കണ്ടത്തെുന്നതിനും ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ തേടുന്നതിനും പദ്ധതി സഹായിക്കും. കാര്‍ഡില്‍തന്നെ എടുക്കേണ്ട കുത്തിവെപ്പുകളുടെയും തുടര്‍ചികിത്സയുടെയും വിവരങ്ങള്‍ രേഖപ്പെടുത്തും. കുത്തിവെപ്പിനായി കുഞ്ഞിനെ കൊണ്ടുവരേണ്ട ദിവസം കമ്പ്യൂട്ടറിലൂടെ മാതാപിതാക്കളെ അവരുടെ മൊബൈലില്‍ അറിയിക്കും. ആദ്യഘട്ടമായി വിക്ടോറിയ ആശുപത്രിയില്‍ ജനിക്കുന്ന കുട്ടികള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. ജില്ലയിലെ 30000 അങ്കണവാടി കുട്ടികള്‍ക്കുകൂടി പദ്ധതിയുടെ ഗുണം ലഭിക്കത്തക്ക രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. രാവിലെ 11ന് വിക്ടോറിയ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ മായാ സുരേഷ് അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.