വന്യമൃഗശല്യം: ജനകീയ സമരസമിതി മാര്‍ച്ച് നടത്തി

കുളത്തൂപ്പുഴ: ജനവാസ മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമായിട്ടും പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്ത വനംവകുപ്പിനെതിരെ ജനകീയപ്രതിഷേധം. ജനകീയസമരസമിതിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അനിശ്ചിതകാല സമരപരിപാടിക്ക് തുടക്കംകുറിച്ച് ചൊവ്വാഴ്ച രാവിലെ കുളത്തുപ്പുഴ വനം റെയ്ഞ്ച് ഓഫിസ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണയും നടന്നു. ഇ.എസ്.എം കോളനി ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വ്യാപാരി -വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികളും കടകളടച്ചു പങ്കുചേര്‍ന്നു. ജനപ്രതിനിധികളുള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു. പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഞ്ച് ഓഫിസ് കവാടത്തില്‍ മാര്‍ച്ച് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. സമരസമിതി നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ച് രംഗം ശാന്തമാക്കി. ഉപരോധം അഡ്വ. കെ.രാജു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് സി. സുഭിലാഷ്കുമാര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ്.ഇ. സഞ്ജയ്ഖാന്‍, സമരസമിതി കണ്‍വീനര്‍ റെജി ഉമ്മന്‍, സി.പി.ഐ ലേക്കല്‍ കമ്മിറ്റി സെക്രട്ടറി പി. അനില്‍കുമാര്‍, കെ.കെ. സാബു, സാബു എബ്രഹാം എന്നിവര്‍ സംസാരിച്ചു. പി.ജെ. രാജു, കെ.എം. അജ്മല്‍, എസ്. മോഹനന്‍പിള്ള, കെ.ജി. ബിജു പി. ലൈലാബീവി, സിസിലി ജോബ്, ജോര്‍ജ് വര്‍ഗീസ് പുളിന്തിട്ട, ഫാ. മാത്യു സി. എബ്രഹാം, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. എം.എല്‍.എ വനം വകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ പുകഴേന്തിയുമായി ഫോണില്‍ സംസാരിക്കുകയും ഒക്ടോബര്‍ 15 നകം ജനവാസ മേഖലക്ക് ചുറ്റും സൗരോര്‍ജവേലി ഉള്‍പ്പെടെ ശാശ്വത പരിഹാരമാര്‍ഗം സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് സമരം അവസാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.