ഇരവിപുരം: താന്നിയിലെ തകര്‍ന്ന വിളക്കുമരത്തിന്‍െറ ഓര്‍മകളുമായി കഴിയുകയാണ് ചെല്ലമ്മയെന്ന തൊണ്ണൂറുകാരി. ഇരവിപുരം വടക്കുംഭാഗം പവിത്രം നഗര്‍ 122 ആറ്റുകാല്‍ പുതുവലില്‍ പരേതനായ സുകുമാരന്‍െറ ഭാര്യ ചെല്ലമ്മയുടെ ഓര്‍മയില്‍ മാത്രമാണ് ഇന്ന് പ്രകാശം പരത്തുന്ന വിളക്കുമരമുള്ളത്. ഇവരുടെ പിതാവിന്‍െറ കാലത്താണ് കൊല്ലം തോടിനരികില്‍ തേക്കിന്‍ തൂണില്‍ വിളക്കുമരം സ്ഥാപിച്ചത്. ചെല്ലമ്മയും പിതാവുമായിരുന്നു വിളക്കുമരത്തിന്‍െറ കാവല്‍ക്കാര്‍. ചെല്ലമ്മ വിവാഹിതയായതോടെ ഭര്‍ത്താവ് സുകുമാരനും ഇതിന്‍െറ ഭാഗമായി. മണ്ണെണ്ണ ഉപയോഗിച്ച് കത്തിക്കുന്ന റാന്തല്‍ പോലെയുള്ള ഒരുതരം വിളക്കായിരുന്നു ഉപയോഗിച്ചിരുന്നത്. താന്നി കായലില്‍നിന്ന് കൊല്ലംതോട് ആരംഭിക്കുന്ന ഭാഗത്തെ ചെല്ലമ്മയുടെ വീട്ടുവളപ്പില്‍ ബ്രട്ടീഷുകാരുടെ ഭരണകാലത്തായിരുന്നു ഇതു സ്ഥാപിച്ചത്. കൊല്ലംതോടിലൂടെയും താന്നി കായലിലൂടെയും കടന്നുവരുന്ന ചരക്കുവള്ളങ്ങള്‍ക്കും യാത്രാബോട്ടുകള്‍ക്കും ദിശ അറിയുന്നതിനും കൊല്ലത്തേക്കും പരവൂരിലേക്കുമുള്ള പ്രവേശ കവാടങ്ങളെക്കുറിച്ച് അറിയാനും ഇതു സഹായിച്ചിരുന്നു. വിളക്ക് പ്രകാശിപ്പിക്കാനാവശ്യമായ മണ്ണെണ്ണയും മറ്റും അധികാരികള്‍ അന്ന് നല്‍കിയിരുന്നതായി ഇവര്‍ ഓര്‍ക്കുന്നു. തുച്ഛമായ പ്രതിഫലവും ലഭിച്ചിരുന്നു. കൊല്ലംതോടിന്‍െറ പ്രതാപം നഷ്ടപ്പെട്ട് ചരക്കുവള്ളങ്ങള്‍ തോട്ടിലൂടെ പോകുന്നത് ഇല്ലാതായതോടെയാണ് വിളക്കുമരത്തിന്‍െറ പ്രസക്തി നഷ്ടമായത്. തോട്ടിലൂടെ ചരക്കുവള്ളങ്ങളും യാത്രാവള്ളങ്ങളും വരാതായിട്ടും ഇവര്‍ വിളക്ക് കത്തിക്കുന്നത് മുടക്കിയില്ല. തൂണിനുമുകളിലായിരുന്നു വിളക്ക് സ്ഥാപിച്ചിരുന്നത്. ദിവസവും പുലര്‍ച്ചെ വിളക്ക് താഴെയിറക്കുകയും വൈകീട്ട് തുടച്ചുവൃത്തിയാക്കി വീണ്ടും ഉയര്‍ത്തുകയുമായിരുന്നു പതിവ്. രണ്ട് പതിറ്റാണ്ട് മുമ്പുവരെ ഇത് തുടര്‍ന്നിരുന്നതായി ഇവര്‍ പറയുന്നു. നിലവില്‍ വിളക്കുമരത്തിലെ വിളക്ക് നശിക്കുകയും തൂണ് നിലംപൊത്തുകയുംചെയ്തു. കുട്ടിക്കാലത്ത് വസൂരി ബാധിച്ച് ഒരു കണ്ണിന്‍െറ കാഴ്ച നഷ്ടപ്പെട്ട ഇവരില്‍ കുട്ടിക്കാലംമുതല്‍ താന്‍ സംരക്ഷിച്ചിരുന്ന വിളക്കുമരത്തിന്‍െറ ഓര്‍മകള്‍ ഇപ്പോഴും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.