വഴിയില്‍ അഭ്യാസം വേണ്ട; മുകളില്‍ അറിയുന്നുണ്ട് എല്ലാം...

കൊല്ലം: നഗരത്തില്‍ ട്രാഫിക് നിയമ ലംഘനം പിടിക്കാന്‍ 24 മണിക്കൂറും കണ്ണു തുറന്നിരിക്കുന്ന കാമറകള്‍ പിഴയിട്ടത് 25 ലക്ഷത്തിലധികം രൂപ. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെ പാഞ്ഞവര്‍ക്കാണ് ഏറെയും പിഴ വീണത്. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് വീട്ടിലേക്ക് പിഴനോട്ടീസ് അയക്കുന്ന പരിപാടി നഗരത്തില്‍ തുടങ്ങിയത് 2013 ഫെബ്രുവരിയിലാണ്. ഇതോടെ പൊലീസിന്‍െറ കണ്ണുവെട്ടിച്ച് നിയമം കാറ്റില്‍ പറത്തി പായുന്നവര്‍ കുടുങ്ങാനും തുടങ്ങി. ഇപ്പോള്‍ ദിവസേന കാമറയില്‍ കുടുങ്ങുന്നത് 100നും150നും ഇടയില്‍ വാഹനങ്ങളാണ്. ഒരു മാസത്തെ കളക്ഷന്‍ മാത്രം 80,000 ഉം അതിനുമുകളിലുമാണ്. വാഹന പരിശോധനയിലൂടെ യാത്രക്കാരെ പീഡിപ്പിക്കുന്നെന്ന വ്യാപക പരാതിയെ തുടര്‍ന്നായിരുന്നു നഗരത്തില്‍ 14 കാമറകള്‍ സ്ഥാപിച്ച് പൊലീസ് ആധുനികരീതിയില്‍ കുടുക്കാന്‍ തുടങ്ങിയത്. കൊല്ലം ഹൈസ്കൂള്‍ ജങ്ഷന്‍, താലൂക്ക് കച്ചേരി, സെന്‍റ് ജോസഫ്, ചിന്നക്കട റൗണ്ട്, കുമാര്‍ തിയറ്റര്‍ ജങ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍, കപ്പലണ്ടി മുക്ക് എന്നിവിടങ്ങളിലായാണ് കാമറകള്‍. ഹെല്‍മറ്റിനും സീറ്റ് ബെല്‍റ്റിനും പുറമെ അനധികൃത പാര്‍ക്കിങ്, അശ്രദ്ധമായി വാഹനം ഓടിക്കല്‍, ഓവര്‍ ടേക്കിങ്, അമിത വേഗം, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവക്കും പിഴ വീണവര്‍ നിരവധിയാണ്. കണ്‍ട്രോള്‍ റൂമില്‍ സജ്ജീകരിച്ചിട്ടുള്ള കമ്പ്യൂട്ടറില്‍ ഇവ കൃത്യമായി റെക്കോഡാവും. റിമോര്‍ട്ട് സംവിധാനം വഴിയാണ് വാഹനങ്ങളുടെ നമ്പര്‍ രേഖപ്പെടുത്തുന്നത്. സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ വിവരങ്ങള്‍ ശേഖരിച്ച് വാഹനമുടമകള്‍ക്ക് നോട്ടീസ് അയക്കുകയാണ് പതിവ്. കാമറയില്‍ പതിയുന്ന ചിത്രങ്ങളില്‍നിന്ന് നോട്ടീസ് വീട്ടിലത്തൊന്‍ രണ്ടാഴ്ചയെടുക്കും. നോട്ടീസ് കിട്ടിയിട്ടും പണം അടയ്ക്കാത്തവര്‍ക്ക് വീണ്ടും നോട്ടീസ് നല്‍കും. എന്നിട്ടും അടച്ചില്ളെങ്കില്‍ പിന്നീട് സമന്‍സായിരിക്കും എത്തുക. നഗരത്തിലെ വിവിധ പ്രകടനങ്ങളും പൊലീസ് കാമറയില്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. സ്ഥിരമായി അക്രമങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നവരെ കുടുക്കാനാണ് ഇതിന്‍െറ ലക്ഷ്യം. നഗരത്തെ വിറപ്പിച്ച നിരവധി കേസുകള്‍ക്ക് ‘സാക്ഷി’യും കൂടിയാണ് ഈ കാമറകള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.