കൊല്ലം: ജില്ലാ ആയുര്‍വേദ ആശുപത്രി കോമ്പൗണ്ടിലെ പ്രകൃതി ഭക്ഷണശാലയായ ഊട്ടുപുരയില്‍ അനധികൃത ചികിത്സ നടക്കുന്ന സംഭവം കണ്ടത്തെിയ മെഡിക്കല്‍ ഓഫിസറെ സ്ഥലം മാറ്റാന്‍ നീക്കം. ചിലരുടെ പരാതിയെതുടര്‍ന്ന് മേല്‍ ഉദ്യോഗസ്ഥതലത്തിലാണ് ഡി.എം.ഒയെ മാറ്റാന്‍ ചരടുവലികള്‍ നടക്കുന്നത്. ആശുപത്രിയില്‍ പുലര്‍ച്ചെ യോഗ കൃത്യമായി നടക്കുന്നില്ളെന്നും വൃത്തിഹീനമായ നിലയിലാണ് പ്രവര്‍ത്തനമെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നുമുള്ള പരാതി കലക്ടര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. അജിതാറാണി പുലര്‍ച്ചെ ആയുര്‍വേദാശുപത്രിയില്‍ പരിശോധനക്കത്തെിയത്. ആശുപത്രി പരിസരം വന്‍കിട വാഹനങ്ങളാല്‍ നിറഞ്ഞുകിടന്നത് കണ്ട് സംശയം തോന്നിയ ഡി.എം.ഒ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. ജനലുകളും വാതിലുകളും അടച്ചിട്ട ഊട്ടുപുരയില്‍ അനധികൃത യോഗയും സ്ത്രീകളടക്കമുള്ളവര്‍ക്ക് ചികിത്സയും ഈ സമയം നടക്കുകയായിരുന്നു. തുടര്‍ന്ന് ഊട്ടുപുരക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. അനിതാ ജേക്കബിന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പരാതി നല്‍കിയിരുന്നു. വകുപ്പ് തല അന്വേഷണത്തിന് ഭാരതീയ ചികിത്സാവകുപ്പ് സംസ്ഥാന ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. വിജിലന്‍സ് അന്വേഷണം ഭയന്നാണ് കുരുക്കില്‍പെടാന്‍ സാധ്യതയുള്ളവര്‍ ഡി.എം.ഒയെ മാറ്റാന്‍ നീക്കം തുടങ്ങിയിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. അതേസമയം ‘മാധ്യമം’ വാര്‍ത്ത കണ്ടപ്പോഴാണ് സംഭവം അറിയുന്നതെന്നും ഊട്ടുപുരക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്സന്‍ മായാ സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.