ലക്ഷങ്ങള്‍ മുടക്കിയ റോഡ് പൊളിഞ്ഞു

പരവൂര്‍: ഉന്നത ഗുണനിലവാരത്തില്‍ നിര്‍മിച്ചതെന്ന് നഗരസഭ അവകാശപ്പെട്ട റോഡുകള്‍ മാസങ്ങള്‍ക്കകം തകര്‍ന്നു. പരവൂര്‍ ജങ്ഷന്‍ മുതല്‍ നഗരസഭക്കു മുന്നില്‍ വരെയും കോട്ടപ്പുറം ഹൈസ്കൂളിന് മുന്നില്‍നിന്ന് പൊലീസ്സ്റ്റേഷന്‍ വരെയുമുള്ള റോഡുകളാണ് തകര്‍ന്നത്. കോട്ടപ്പുറം ഹൈസ്കൂളിന് മുന്നിലാണ് റോഡ് ഏറ്റവും കൂടുതല്‍ തകര്‍ന്നത്. ഇവിടെ വന്‍കുഴിയും വെള്ളക്കെട്ടുമായി. മെറ്റലുകള്‍ ഇളകിത്തെറിക്കുന്നത് ഭീഷണിയായിട്ടുണ്ട്. മൂന്നിനം മെറ്റലുകളുപയോഗിച്ച് മൂന്നു പാളിയായി ഉന്നത നിലവാരത്തില്‍ നിര്‍മാണം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ക്വാറി വേസ്റ്റടക്കം വിവിധ വലുപ്പത്തിലുള്ള പാറച്ചീളുകള്‍ ഒറ്റ പാളിയായി നിരത്തിയാണ് നിര്‍മാണം നടത്തിയത്. നിര്‍മാണത്തിലെ ഈ അപാകത നാട്ടുകാര്‍ അപ്പോള്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. വിവരം സെക്രട്ടറിയെ അറിയിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ളെന്ന് നാട്ടുകാര്‍ പറയുന്നു. നിര്‍മാണം പൂര്‍ത്തിയായി ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ റോഡ് പലയിടത്തും കുഴിഞ്ഞുതുടങ്ങിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഗുണമേന്മക്കായി കൂടുതല്‍ ടാര്‍ ഉപയോഗിച്ചതിനാല്‍ ഉണങ്ങാന്‍ താമസിക്കുന്നതു കൊണ്ടാണെന്നായിരുന്നു മറുപടി. ചെയര്‍പേഴ്സന്‍ അടക്കമുള്ളവരുടെയും നിലപാട് ഇതുതന്നെയായിരുന്നു. എന്നാല്‍ ടാറിന്‍െറ ഉപയോഗം കുറവായിരുന്നതിനാല്‍ നിര്‍മാണഘട്ടത്തില്‍ പലവട്ടം ജനങ്ങളുടെ ഇടപെടലുണ്ടായിരുന്നു. വിനായകര്‍ ജങ്ഷന്‍ മുതല്‍ പാറയില്‍ക്കാവ് ജങ്ഷന്‍ വരെയുള്ള 750 മീറ്റര്‍ ദൂരം ഈ ഘട്ടത്തില്‍ തന്നെയാണ് റീടാര്‍ ചെയ്തത്. ഇവിടെയും പല ഭാഗങ്ങളില്‍ പൊട്ടിപ്പൊളിഞ്ഞു. പലയിടത്തും കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ദയാബ്ജി മുക്ക് മുതല്‍ കിഴക്കിടം ഭാഗത്തേക്കുള്ള റോഡിന്‍െറയും സ്ഥിതി പരിതാപകരം തന്നെ. മാവിന്‍െറമൂട് മുതല്‍ പെരുമ്പുഴയിലേക്കുള്ള പാതയില്‍ വെള്ളക്കെട്ടൊഴിവാക്കാന്‍ മുടക്കിയ ലക്ഷങ്ങള്‍ പാഴായി. ഇന്‍റര്‍ലോക്ക് പാകി വെള്ളം മണ്ണിലേക്ക് താഴ്ന്നുപോകുന്നതിനുള്ള പ്രവൃത്തിയാണ് ചെയ്തത്. വെള്ളം മണ്ണിലേക്ക് താഴാന്‍ പാതയുടെ മധ്യത്തില്‍ രണ്ട് കുഴികളും തയാറാക്കിയിരുന്നു. ഇതിന് മീതെ ഇരുമ്പ് ഗ്രില്‍ വെച്ചാണ് ഗതാഗത സൗകര്യമൊരുക്കിയത്. എന്നാല്‍ മഴയത്ത് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഇതിന്‍െറ പ്രയോജനമുണ്ടായത്. വെള്ളം മണ്ണിലേക്കിറങ്ങാനുള്ള മാന്‍ഹോളിലൂടെ മേല്‍മണ്ണ് ഒലിച്ചിറങ്ങി കുഴികള്‍ മൂടി. ഈ ഭാഗത്തേക്ക് കൂടുതല്‍ വെള്ളം ഒഴുകിയത്തൊതിരിക്കാന്‍ മെയിന്‍ റോഡില്‍ മാവിന്‍െറ മൂട്ടില്‍ തടസ്സം സൃഷ്ടിച്ചതിനാല്‍ അവിടെയും വെള്ളക്കെട്ടുണ്ടാകുന്ന സ്ഥിതിയാണ് നിലവില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.