ക്ഷേത്ര മോഷ്ടാവും ഇന്ധനം ഊറ്റുന്നയാളും പിടിയില്‍

കൊട്ടാരക്കര: ക്ഷേത്ര മോഷ്ടാവിനെയും വാഹനത്തില്‍നിന്ന് ഇന്ധനം ഊറ്റുന്നയാളെയും കൊട്ടാരക്കര പൊലീസ് പിടികൂടി. പനവേലി ഇരണൂര്‍ ഉമാനിലയത്തില്‍ രമണന്‍ (മോഹന്‍ദാസ് -51), കലയപുരം അന്തമണ്‍ കോയി മഠത്തില്‍ വീണാ മന്ദിരത്തില്‍ വേണുഗോപാലന്‍പിള്ള (44) എന്നിവരാണ് പിടിയിലായത്. നീലേശ്വരം ശ്രീ മഹാദേവര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് അയ്യായിരം രൂപ കവര്‍ന്ന കേസിലും കൊട്ടാരക്കര പാണ്ടിവയല്‍ ഭഗവതി ക്ഷേത്രത്തിലെ വഞ്ചികള്‍ മൂന്നിലധികം തവണ പൊളിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് രമണന്‍. അടുത്തിടെ നീലേശ്വരം ശ്രീ മഹാദേവര്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊളിച്ചതുമായി ബന്ധപ്പെട്ട് വിരലടയാള വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ഇയാളാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞിരുന്നു. നിരവധി കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് രമണന്‍. വര്‍ക്ഷോപ്പുകളില്‍ മെക്കാനിക്കായിരുന്ന ആളാണ് ഇന്ധനം ഊറ്റുന്നതിനിടെ പിടിയിലായ വേണുഗോപാലന്‍പിള്ള. അയല്‍വാസിയായ സുരേഷിന്‍െറ വീട്ടിലെ മോട്ടോര്‍ സൈക്കിളില്‍നിന്നാണ് പെട്രോള്‍ ഊറ്റിയത്. മുമ്പ് ജോലി ചെയ്ത ഇടങ്ങളിലെ വണ്ടികളില്‍നിന്ന് ഇന്ധനം ഊറ്റിയതിലും വാഹനങ്ങളിലെ ഉപകരണങ്ങള്‍ മോഷണം പോയതിലും ഇയാള്‍ക്ക് പങ്കുള്ളതായി സംശയമുണ്ടെന്ന് എസ്.ഐ ബെന്നി ലാലു പറഞ്ഞു. പ്രതികളെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.ഐ, അഡീഷനല്‍ എസ്.ഐ രാജു, ഗ്രേഡ് എസ്.ഐ രഘു, ആന്‍റി തെഫ്സ് സ്ക്വാഡ് എസ്.ഐ ബിനോജ്, എ.എസ്.ഐമാരായ എ.സി. ഷാജഹാന്‍, ശിവശങ്കരപ്പിള്ള, എസ്.സി.പി.ഒ മാരായ അജയ്കുമാര്‍, രാധാകൃഷ്ണപിള്ള, ആഷിര്‍ കോഹൂര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.