പുനലൂര്‍ പേപ്പര്‍ മില്‍ തുറക്കുന്നു, കാല്‍ നൂറ്റാണ്ടിനുശേഷം

കൊല്ലം: 28 വര്‍ഷമായി അടഞ്ഞുകിടന്ന പുനലൂര്‍ പേപ്പര്‍ മില്‍ തുറക്കുന്നു. എല്ലാ പ്രതിസന്ധികളും മറികടന്ന് പ്രവര്‍ത്തനസജ്ജമായ മില്‍ 11ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിക്കും. വൈകീട്ട് ആറിന് ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബിജോണ്‍, അടൂര്‍ പ്രകാശ് അടക്കം ജനപ്രതിനിധികള്‍ പങ്കെടുക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും മാനേജ്മെന്‍റ് പ്രതിനിധികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്രാഫ്റ്റ് പേപ്പര്‍ ഉല്‍പാദനമാണ് ആദ്യഘട്ടത്തില്‍ നടക്കുക. ഇതിലൂടെ 120 പേര്‍ക്ക് തൊഴില്‍ ലഭിക്കും. മില്ലിലെ രണ്ട് മെഷീന്‍ കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ 400ലധികം പേര്‍ക്ക് ജോലി നല്‍കാനാവുമെന്നാണ് പ്രതീക്ഷ. മില്‍ പൂട്ടുന്ന സമയത്തുണ്ടായിരുന്ന 50 ടണ്‍ ശേഷിയുള്ള മെഷീന്‍െറ കപ്പാസിറ്റി 90 ടണ്ണായി വര്‍ധിപ്പിച്ചിട്ടുണ്ട്. 2010ഓടെ മില്ലിന്‍െറ പുനരുദ്ധാരണം പൂര്‍ത്തിയായെങ്കിലും വൈദ്യുതി ലഭിക്കുന്നതിലെ താമസമാണ് വൈകിപ്പിച്ചത്. പൂട്ടുന്ന സമയത്തെ ഉടമ എല്‍.എം. ഡാല്‍മിയയുടെ ഓഹരികള്‍ 2010ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഭീമമായ കടബാധ്യത തീര്‍പ്പാക്കുകയും വൈദ്യുതി കുടിശ്ശികയില്‍ ഇളവ് അനുവദിക്കുകയും ചെയ്തു. 1888ല്‍ 207 ഏക്കര്‍ സ്ഥലമുണ്ടായിരുന്ന മില്ലിന് ഇന്ന് 80 ഏക്കര്‍ മാത്രമാണുള്ളത്. ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള വായ്പ തിരിച്ചടവ്, സെയില്‍ടാക്സ്, വൈദ്യുതി ബില്‍ എന്നിവയുടെ കുടിശ്ശിക, തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റ്വിറ്റി, പ്രോവിഡന്‍റ് ഫണ്ട് എന്നിവ നല്‍കാനുള്ള തുക ഇല്ലാത്തതിനാല്‍ 1977 മുതലാണ് കമ്പനിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ട് തുടങ്ങിയത്. വായ്പ തിരിച്ചടവിലുണ്ടായ വീഴ്ചമൂലം 1986ല്‍ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയ കേസുകളില്‍ കമ്പനിയുടെ കുറേ വസ്തുക്കള്‍ ജപ്തി ചെയ്തു. 1021 തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും വേതനവും നല്‍കാന്‍ കഴിയാതെവന്ന സാഹചര്യത്തില്‍ 1987ലാണ് മില്‍ പൂട്ടിയത്. മില്‍ തുറക്കുന്നത് ജില്ലയിലെ വ്യവസായരംഗത്ത് ഉണര്‍വേകുമെന്നും അദ്ദേഹം പറഞ്ഞു. കെ. രാജു എം.എല്‍.എ, ചെയര്‍മാന്‍ ടി.കെ. സുന്ദരേശന്‍, മാനേജിങ് ഡയറക്ടര്‍ എജയ് സുന്ദരേശന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം നെല്‍സണ്‍ സെബാസ്റ്റ്യന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.