ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ രോഗികളെ ‘പിഴിയുന്നു’

കൊല്ലം: ആയുര്‍വേദത്തില്‍ ധാരയുടെ വകഭേദമാണ് പിഴിച്ചില്‍. എന്നാല്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പിഴിച്ചിലിന് എത്തുന്ന വിദേശികളടക്കമുള്ള രോഗികള്‍ക്ക് അധികൃതരുടെ ‘പിഴിച്ചില്’ കൂടി അനുഭവിക്കേണ്ടിവരികയാണ്. സാമാന്യം നല്ല ചികിത്സ എന്ന് പേരുകേട്ട ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കൈമടക്കില്ലാതെ ഒന്നും നടക്കില്ളെന്ന സ്ഥിതിയാണ്. ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ പിഴിച്ചില്‍ ആരംഭിക്കും. പാര്‍ക്കിങ് ഫീസ്... സന്ദര്‍ശക ഫീസ്... തുടങ്ങി കിഴി, ഉഴിച്ചില്‍, കുളിപ്പിക്കല്‍ എന്നുവേണ്ട എല്ലാറ്റിനും ‘ഫീസ്’. പാവപ്പെട്ട രോഗികളെയടക്കം ആശുപത്രി ജീവനക്കാര്‍ പിഴിയുന്നതായി വ്യാപക പരാതിയാണുള്ളത്. മര്‍മ ചികിത്സ, പഞ്ചകര്‍മ ചികിത്സ, യോഗ പ്രകൃതി ചികിത്സ മറ്റ് ജനറല്‍ ചികിത്സ എന്നിവയാണ് ഇവിടത്തെ പ്രധാന ചികിത്സാ രീതികള്‍. എന്നാല്‍ ഭൂരിഭാഗം ആളുകളും എത്തുന്നത് ഉഴിച്ചിലിനാണ്. മര്‍മ ചികിത്സ, പാരമ്പര്യചികിത്സ എന്നീ പേരുകളിലറിയപ്പെടുന്ന ഉഴിച്ചില്‍ ഒരു മാസം നില്‍ക്കും. ചികിത്സ കഴിഞ്ഞിറങ്ങുമ്പോള്‍ പോക്കറ്റ് കാലിയാകുന്ന ഗതികേടാണ് മിക്കവര്‍ക്കും പറയാനുള്ളത്. ആസവങ്ങളും തൈലങ്ങളും പുറത്തുനിന്ന് വാങ്ങണം. കിഴിയും കൊണ്ടുവരണം. പിന്നീട് നിരവധി പേരുകളില്‍ ജീവനക്കാര്‍ക്ക് ചില്ലറ നല്‍കണമെന്നും ഇവര്‍ പറയുന്നു. ഉഴിച്ചില്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കാല്‍ ലക്ഷത്തോളം രൂപയാണ് ചെലവാകുന്നതെന്ന് രോഗികള്‍ പറയുന്നു. പുറത്തുനിന്ന് വാങ്ങുന്ന മരുന്നുകള്‍ക്ക് മാത്രം പകുതി തുക വേണ്ടിവരും. കൂടാതെ ലാബില്‍ ആകെ ഒരു ടെക്നീഷ്യനാണുള്ളത്. ഇനി ടെക്നീഷ്യനില്ളെങ്കില്‍ ആ ദിവസം ലാബ് തുറക്കുകയുമില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ മുറികളിലാണ് ഉഴിച്ചില്‍ നടത്തുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് ഉഴിച്ചില്‍ നടത്തുന്നത് ഒരു മറയുമില്ലാതെയാണെന്ന് വ്യാപക പാരാതിയുണ്ട്. അതേസമയം ഇതിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.