നീരാവിലിന്‍െറ വസന്തോത്സവത്തിന് തിരശ്ശീല

കൊല്ലം: കലയുടെ വര്‍ണങ്ങള്‍ വിതറിയ നീരാവിലിന്‍െറ വസന്തോത്സവത്തിന് സമാപനം. ഓണനാളുകളില്‍ ആഘോഷത്തിന്‍െറയും ആര്‍പ്പുവിളികളുടെയും ഉത്സവമായിരുന്ന പ്രകാശ് കലാകേന്ദ്രത്തിന്‍െറ 57ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം നാടിന്‍െറ ഹൃദയം കവര്‍ന്നു. സ്കിറ്റ്, നൃത്തനൃത്യങ്ങള്‍, നാടകഗാനം, നാടന്‍പാട്ട് എന്നിവയുടെ ദൃശ്യാവിഷ്കാരങ്ങള്‍, പെണ്‍ഭ്രൂണഹത്യ പ്രമേയമാക്കിയ റോപ് ഡാന്‍സ്, കാട്ടുതീയില്‍ കുഞ്ഞുങ്ങള്‍ നഷ്ടമാകുന്ന അമ്മക്കിളിയുടെ ദു$ഖം പെയ്തിറങ്ങിയ നൃത്തനാടകം തുടങ്ങി കലയുടെ ഭിന്നങ്ങളായ ആവിഷ്കാരങ്ങള്‍ കൊണ്ട് നിറഞ്ഞതായിരുന്നു വസന്തോത്സവം. കലാകേന്ദ്രം വനിതാവേദി-ബാലവേദി അംഗങ്ങളായ നൂറില്‍പരം കലാപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് വസന്തോത്സവം എന്ന കലാപരിപാടിക്ക് രൂപം നല്‍കിയത്. ആര്‍.ബി. ഷജിത്ത്, അനന്തു കരുണാകരന്‍ എന്നിവര്‍ കലോത്സവത്തിന് നേതൃത്വം നല്‍കി. പ്രകാശ് കലാകേന്ദ്രം നൃത്തപഠനകേന്ദ്രത്തില്‍ 25 വര്‍ഷം മുമ്പ് നൃത്തം അഭ്യസിച്ച 12 വനിതകള്‍ ചേര്‍ന്ന് ഡാന്‍സര്‍ ബാബുരാജിന് ഗുരുപൂജയായി അവതരിപ്പിച്ച നൃത്തരൂപവും ഹൃദ്യമായി. വാര്‍ഷികത്തിന് സമാപനം കുറിച്ചുനടന്ന സാംസ്കാരികസമ്മേളനം സി. ദിവാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കലാകേന്ദ്രം പ്രസിഡന്‍റ് ജി. വിനോദ് അധ്യക്ഷത വഹിച്ചു. സൂസന്‍കോടി, അഡ്വ. ഡി. സുരേഷ്കുമാര്‍, എം. രാഹുല്‍, വി.ആര്‍. അജു, വിഷ്ണുപ്രസാദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാകേന്ദ്രം പ്രവര്‍ത്തകര്‍ അവതരിപ്പിച്ച കാര്‍ഷിക സംസ്കൃതിയുടെ അനിവാര്യമായ തിരിച്ചുവരവ് ഇതിവൃത്തമായ ‘നെന്മണിയുടെ കഥ’ എന്ന നാടകവും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.