കൊല്ലം: തൊഴിലാളിദ്രോഹനയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ജില്ലയെ നിശ്ചലമാക്കി. ഇരുചക്ര വാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളുമൊഴികെ മറ്റുള്ളവ നിരത്തിലിറങ്ങിയില്ല. കട കമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകളുടെയും സ്കൂളുകളുടെയും പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചു. കയര്‍, കശുവണ്ടി, നെയ്ത്ത്, മത്സ്യത്തൊഴിലാളികള്‍ പണിമുടക്കി. പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. ട്രെയിന്‍ സര്‍വിസുകള്‍ സാധാരണപോലെ നടന്നു. റെയില്‍വേ ജീവനക്കാര്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനവും യോഗവും നടത്തി. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും യോഗങ്ങളും നടത്തി. ക്രമസമാധാനപാലനത്തിന് വന്‍ പൊലീസ് സന്നാഹത്തെ പ്രധാന ജങ്ഷനുകളില്‍ വിന്യസിച്ചിരുന്നു. പന്ത്രണ്ടിന ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.എം.എസ് ഒഴികെ പത്ത് കേന്ദ്ര ട്രേഡ് യൂനിയനുകളുടെ ആഹ്വാനപ്രകാരം ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് പണിമുടക്ക് തുടങ്ങിയത്. കെ.എസ്.ആര്‍.ടി.സിയുടെ ഒമ്പത് ഡിപ്പോകളില്‍ നിന്ന് ഒരു സര്‍വിസ്പോലും നടത്തിയില്ല. സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. തപാല്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കുചേര്‍ന്നതിനാല്‍ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസ്, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍ ഹെഡ് പോസ്റ്റ് ഓഫിസുകളും അവക്കു കീഴിലുള്ള 400 തപാല്‍ ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. ആര്‍.എം.എസ് ഓഫിസ് ജീവനക്കാരും പണിമുടക്കി. വ്യവസായ സ്ഥാപനങ്ങളും കശുവണ്ടി ഫാക്ടറികളും തുറന്നില്ല. ടാക്സി- ഓട്ടോകളും പണിമുടക്കി. ജലഗതാഗത വകുപ്പിന്‍െറ കൊല്ലം ജെട്ടിയില്‍നിന്ന് ഒരു ബോട്ടുപോലും സര്‍വിസ് നടത്തിയില്ല. പെട്രോള്‍ പമ്പുകള്‍ അടഞ്ഞുകിടന്നു. ജീവനക്കാരുടെ കുറവ് കലക്ടറേറ്റിന്‍െറ പ്രവര്‍ത്തനത്തെ ബാധിച്ചു. പ്രധാനപ്പെട്ട ഓഫിസുകളില്‍ പലതും തുറന്നില്ല. നഗരത്തിലെ പ്രധാന വ്യാപാര മേഖലയായ ചാമക്കടയില്‍ ചരക്ക് കയറ്റിറക്ക് പൂര്‍ണമായി നിലച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കി. ബി.എസ്.എന്‍.എല്ലിന്‍െറ വെള്ളയിട്ടമ്പലത്തെ ജി.എം ഓഫിസ് പ്രവര്‍ത്തിച്ചില്ല. പൊതുമേഖലാ സ്ഥാപനങ്ങളായ ചവറ കെ.എം.എം.എല്ലിന്‍െറയും ഐ.ആര്‍.ഇയുടെയും പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചു. ചാത്തന്നൂര്‍ സ്പിന്നിങ് മില്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ പാരിപ്പള്ളിയിലെ റീഫില്ലിങ് പ്ളാന്‍റ്, പള്ളിമുക്കിലെ മീറ്റര്‍ കമ്പനി, കുണ്ടറ അലിന്‍ഡ്, കെല്‍, ഭാരതീപുരം ഓയില്‍പാം ഇന്ത്യ ലിമിറ്റഡ്, കുളത്തൂപ്പുഴ ആര്‍.പി.എല്‍, കുമരംകുടി സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ എന്നീ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. പണിമുടക്കിന് അഭിവാദ്യം അര്‍പ്പിച്ച് സംയുക്ത ട്രേഡ് യൂനിയന്‍െറ നേതൃത്വത്തില്‍ കൊല്ലം നഗരത്തിലടക്കം പ്രധാന കേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.