ഈ മതില്‍ക്കെട്ടിനകത്ത് മുഴങ്ങിയത് സ്നേഹത്തിന്‍െറ ഓണാഘോഷം

ആനന്ദവല്ലീശ്വരം: മതില്‍ക്കെട്ടിന് പുറത്തെ ഓണക്കാഴ്ചകള്‍ അന്യമായെങ്കിലും പാട്ടും സംഗീതവുമായി ഓണം കടന്നുപോയതിന്‍െറ സന്തോഷത്തിലാണ് ജില്ലാ ജയിലിലെ അന്തേവാസികള്‍. ഉറ്റവരോടും പ്രിയപ്പെട്ടവരോടുമൊപ്പം ഓണം കൂടാന്‍ കഴിഞ്ഞില്ളെങ്കിലും എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാവുന്നതായി ഇവര്‍ക്ക് ഇത്തവണത്തെ ഓണം. 10 ദിവസം നീണ്ട ജില്ലാ ജയിലിലെ ഓണാഘോഷ സമാപനവും സമ്മാനദാനവും ജയില്‍ അങ്കണത്തില്‍ നടന്നു. അന്തേവാസികളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങ് ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജി ഡി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ജയിലുകളെക്കുറിച്ചുള്ള സമൂഹത്തിന്‍െറ കാഴ്ചപ്പാട് മാറിവരുകയാണെന്നും കുറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ നല്ല സാഹചര്യം സൃഷ്ടിക്കുക എന്നതാണ് നല്ല ജയില്‍ ഉദ്യോഗസ്ഥന്‍െറ കടമയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അത്തരം പരിശീലനമാണ് ജയില്‍ അധികൃതര്‍ക്ക് നല്‍കുന്നത്. ജയില്‍ സുരക്ഷിതത്വത്തിന്‍െറ ഭാഗമായി വാര്‍ഡന്മാര്‍ക്ക് വാക്കിടോക്കി നല്‍കും. ജയിലില്‍ ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ക്ക് വളരെയധികം സ്വീകാര്യത ഉണ്ടായതായും ഡി.ഐ.ജി പറഞ്ഞു. മേജര്‍ ജയിലുകളില്‍ ഫുഡ് യൂനിറ്റ് രൂപവത്കരിക്കും. കൊല്ലം പ്രസ്ക്ളബ് പ്രസിഡന്‍റ് സി. വിമല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ശ്രീലങ്കയില്‍ നടന്ന അന്താരാഷ്ട്ര മെര്‍ക്കന്‍റയില്‍ ഫെഡറേഷന്‍ അത്ലറ്റിക് മീറ്റില്‍ 1500 മീ. നടത്തത്തില്‍ റെക്കോഡോടെ സ്വര്‍ണം നേടിയ ജില്ലാ ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ സി. സുരേന്ദ്രനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ജയില്‍ ദക്ഷിണ മേഖലാ റീജ്യനല്‍ വെല്‍ഫെയര്‍ ഓഫിസര്‍ കെ.ഇ. ഷാനവാസ് സംസാരിച്ചു. ജില്ലാ ജയില്‍ സൂപ്രണ്ട് എ. അബ്ദുല്‍ ഹമീദ് സ്വാഗതവും ഡെപ്യൂട്ടി സൂപ്രണ്ട് ബിനോദ് ജോര്‍ജ് നന്ദിയും പറഞ്ഞു. കലാകായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഡി.ഐ.ജി സമ്മാനങ്ങള്‍ വിതരണം ചെയ്തു. അന്തേവാസികളുടെ ശരീര സൗന്ദര്യമത്സരവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.