സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ തൊഴിലാളിസമരം ഒമ്പതാംദിനത്തിലേക്ക്

പത്തനാപുരം: സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷനിലെ തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാംദിവസം പിന്നിടുന്നു. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് തോട്ടം മേഖലയിലെ രണ്ടായിരത്തോളം തൊഴിലാളികള്‍ സമരരംഗത്തുള്ളത്. പ്രതിഷേധ പരിപാടികളുടെ ഭാഗമായി തൊഴിലാളികള്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാത ഉപരോധിച്ചു. രാവിലെ അലിമുക്കിലെ ഫാമിങ് കോര്‍പറേഷന്‍െറ പ്രധാന ഓഫിസ് ഉപരോധിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം സി.ആര്‍. നജീബ് ഉദ്ഘാടനം ചെയ്തു. ഓഫിസ് പടിക്കല്‍ നിന്ന് പ്രകടനമായി എത്തിയ തൊഴിലാളികള്‍ അലിമുക്ക് ജങ്ഷനില്‍ റോഡ് ഉപരോധിച്ചു. ഒരു മണിക്കൂറോളം ഇവര്‍ റോഡില്‍ കുത്തിയിരുന്നു. ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായിരുന്നു. റോഡ് ഉപരോധം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഫാമിങ് കോര്‍പറേഷനിലെ തൊഴിലാളികളുടെ വേതനം അഞ്ഞൂറ് രൂപയാക്കി ഉയര്‍ത്തണമെന്നും തൊഴില്‍സുരക്ഷിതത്വം ഉറപ്പാക്കണമെന്നും സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ചിതല്‍വെട്ടി, കുമരംകുടി, അമ്പനാര്‍, ചെരിപ്പിട്ടകാവ് കോട്ടക്കയം, മുള്ളുമല എന്നീ തോട്ടമേഖലകളിലെ തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. സമരം ചെറുകിടതോട്ടങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഒരാഴ്ചയായി തുടരുന്ന സമരം നിരവധി തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കിയിരിക്കുകയാണ്. റോഡ് ഉപരോധസമരത്തിന് അഡ്വ. എസ്. വേണുഗോപാല്‍, എം. ജിയാസുദ്ദീന്‍, കെ. ജോസ്, ചെമ്പനരുവി മുരളി, എസ്. ഷാജി, കറവൂര്‍ എല്‍. വര്‍ഗീസ്, എ.ആര്‍. ബഷീര്‍, റിയാസ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.