കുന്നത്തൂരില്‍ ആര്‍.എസ്.പിയുടെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ്

ശാസ്താംകോട്ട: പതിറ്റാണ്ടുകളായി ആര്‍.എസ്.പിക്ക് സ്വന്തമായ കുന്നത്തൂര്‍ നിയമസഭാ നിയോജകമണ്ഡലത്തിലെ പാര്‍ട്ടിയുടെ ഭാവി നിര്‍ണയിക്കുന്നതാവും ഈ തദ്ദേശതെരഞ്ഞെടുപ്പ്. ഇടതുമുന്നണിക്ക് ഒപ്പം നിന്നപ്പോള്‍ ലഭിച്ച അത്രയും സീറ്റുകള്‍ പോലും ആവശ്യപ്പെടാന്‍ കഴിയാത്ത തരത്തില്‍ ആര്‍.എസ്.പി (ബി) ദുര്‍ബലമായിരിക്കുകയാണ്. ഇടതുമുന്നണിയില്‍ നില്‍ക്കെ കുന്നത്തൂര്‍ താലൂക്കിലെ ഏഴ് പഞ്ചായത്തുകളിലായി 10 സീറ്റുകളിലാണ് ആര്‍.എസ്.പി മത്സരിച്ചത്. ആര്‍.എസ്.പി (ബി) ഒരെണ്ണത്തിലും. ശൂരനാട് വടക്ക്, കുന്നത്തൂര്‍, ശൂരനാട് തെക്ക്, മൈനാഗപ്പള്ളി പഞ്ചായത്തുകളിലായി ആര്‍.എസ്.പിയുടെ നാലുപേര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിക്കുകയും ചെയ്തു. ആര്‍.എസ്.പി (ബി)യാകട്ടെ പച്ചതൊട്ടതുമില്ല. ജില്ലാപഞ്ചായത്ത് കുന്നത്തൂര്‍ ഡിവിഷനില്‍ ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റി അംഗവും ആര്‍.വൈ.എഫ് ദേശീയനേതാവുമായ പാങ്ങോട് സുരേഷ് ആയിരുന്നു ഇടതുസ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കാരുവള്ളില്‍ ശശിയോട് അന്ന് പൊരുതിതോല്‍ക്കുകയായിരുന്നു. ശാസ്താംകോട്ട ബ്ളോക് പഞ്ചായത്തിലേക്ക് രണ്ട് സീറ്റുകള്‍ കിട്ടിയതില്‍ ഒന്നില്‍ ജയിക്കുകയും ചെയ്തു. ഈ സീറ്റുകള്‍ ഇക്കുറി യു.ഡി.എഫ് ആര്‍.എസ്.പിക്ക് വിട്ടുകൊടുക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. എന്നാല്‍, ഇതിനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മൂന്നുതവണയായി നിയമസഭയില്‍ കുന്നത്തൂരിനെ പ്രതിനിധീകരിക്കുന്നത് ആര്‍.എസ്.പിയിലെ കോവൂര്‍ കുഞ്ഞുമോനാണ്. ആര്‍.എസ്.പിയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിലപേശല്‍ശേഷി കുറക്കാനായി ഈ ത്രിതല തെരഞ്ഞെടുപ്പില്‍ പരമാവധി ഞെരുക്കിനിര്‍ത്തണമെന്ന അഭിപ്രായമാണ് കുന്നത്തൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. മറുവശത്ത് കോണ്‍ഗ്രസിന്‍െറ ഈ മനസ്സിലിരിപ്പ് വലിയ അധ്വാനം കൂടാതെ നടപ്പാക്കിയെടുക്കാന്‍ കഴിയുമെന്ന സ്ഥിതിയാണ് കുന്നത്തൂരിലെ പുനരേകീകൃത ആര്‍.എസ്.പി ഘടകത്തിന്‍േറത്. ശൂരനാട് മണ്ഡലം കമ്മിറ്റി ഇപ്പോള്‍ പഴയ ആര്‍.എസ്.പിയും ആര്‍.എസ്.പി (ബി)യുമായി വേര്‍തിരിഞ്ഞ് വെവ്വേറെ സെക്രട്ടറിമാരുമായി നിലകൊള്ളുകയാണ്. ഇവരെ യോജിപ്പിലത്തെിക്കാന്‍ ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നുമില്ല.ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വിലപേശിവാങ്ങി കോവൂര്‍ കുഞ്ഞുമോനെ അവരോധിക്കുന്നതില്‍ പരാജയപ്പെട്ട ആര്‍.എസ്.പി നേതൃത്വത്തിന്‍െറ പിടിപ്പുകേടില്‍ കുന്നത്തൂരിലെ നിയമസഭാ സീറ്റും കൈവിടുമെന്ന അവസ്ഥയാണുള്ളത്. കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ ആത്യന്തികനഷ്ടം സംഭവിക്കുന്നതാവട്ടെ നാലാംതവണയും കുന്നത്തൂരിനെ പ്രതിനിധീകരിക്കാനാഗ്രഹിക്കുന്ന കോവൂര്‍ കുഞ്ഞുമോനുമാത്രവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.