ഈ കൈകളിലത്തെിയാല്‍ പാഴ്ത്തടിയും പവിഴമാകും

കൊല്ലം: ക്രിസ്തുരാജ് ഹൈസ്കൂളിലെ പ്രവൃത്തിപരിചയമേള നടക്കുന്ന പന്തലില്‍ കണ്‍കുളിര്‍ക്കെ കാഴ്ചകളായിരുന്നു. യു.പി. വിഭാഗത്തില്‍ തത്സമയനിര്‍മാണ മത്സരവും സ്പെഷല്‍ വിഭാഗത്തില്‍ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം പ്രദര്‍ശനമത്സരവുമാണ് നടന്നത്. വിവിധ മത്സരങ്ങളില്‍ വിദ്യാര്‍ഥികള്‍ തയാറാക്കിയ കരുത്തുറ്റതും ഈടുറ്റതുമായ ഉല്‍പന്നങ്ങള്‍ വിജയം മാത്രമല്ല ലക്ഷ്യമെന്ന് ഓരോ വിഭാഗങ്ങളും വ്യക്തമാക്കുന്നതായിരുന്നു. വിവിധ വര്‍ണങ്ങളിലും ഡിസൈനുകളിലും തയാറാക്കിയ ഏറെ ആകര്‍ഷകങ്ങളായ വസ്തുക്കളാണ് പ്രവൃത്തിപരിചയമേളയില്‍ നിരന്നത്. വര്‍ണക്കടലാസില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിവിധതരം പൂക്കള്‍ വിരിയിച്ചാണ് തങ്ങളുടെ കരവിരുത് കുരുന്നുകള്‍ തെളിയിച്ചത്. റോസ്, താമര, സൂര്യകാന്തി തുടങ്ങിയ പൂക്കള്‍ പ്രവൃത്തിപരിചയവേദിയെ പൂങ്കാവനമാക്കി. ഈറയും മുളയും കൊണ്ടുള്ള ഉല്‍പന്നങ്ങളും പന ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചുള്ള വസ്തുക്കളും മേളനഗരിയില്‍ നിറഞ്ഞു. കൂടാതെ കുട്ട, വട്ടി, തഴപ്പാ തുടങ്ങിയ നാടന്‍ ഉല്‍പന്നങ്ങളും കുട്ടികളുടെ കരവിരുതിന് മാറ്റുകൂട്ടുന്നതായിരുന്നു. പാഴ്വസ്തുക്കള്‍ കൊണ്ടുള്ള ഉല്‍പന്നങ്ങളും മേളയില്‍ ശ്രദ്ധേയമായി. കവുങ്ങിന്‍പാള കൊണ്ടുള്ള വിശറി, ബാഗ്, സൈക്ക്ള്‍വീലുകള്‍ ചേര്‍ത്തുണ്ടാക്കിയ സ്റ്റാന്‍ഡ് തുടങ്ങി നിരവധി പാഴ്വസ്തുക്കള്‍ കൊണ്ട് ഉപയോഗയോഗ്യമായ വസ്തുക്കളാണ് ഈ വിഭാഗത്തില്‍ കുട്ടികള്‍ കാട്ടിത്തന്നത്. രാവിലെ 9.30 ന് ആരംഭിക്കേണ്ട മത്സരങ്ങള്‍ വൈകി 10.10 നാണ് ആരംഭിച്ചത്. ഉച്ചക്ക് 1.10 ഓടെയാണ് മത്സരങ്ങള്‍ അവസാനിച്ചത്. വിശാലമായ പന്തല്‍ കുട്ടികള്‍ക്ക് ഏറെ സൗകര്യപ്രദമായിരുന്നുവെന്ന് പങ്കെടുത്തവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.