കൊല്ലം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അഴിമതി, സ്വജനപക്ഷപാതം എന്നിവ സംബന്ധിച്ച പരാതികളാണ് ജില്ലാതല വിജിലന്‍സ് സമിതി മുമ്പാകെ സമര്‍പ്പിക്കേണ്ടതെന്ന് കലക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. പൊതുസ്വഭാവമുള്ള മറ്റ് പരാതികളും നിവേദനങ്ങളും വിജിലന്‍സ് സമിതിക്ക് നല്‍കുന്നത് ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്നാണ് നിര്‍ദേശം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വിജിലന്‍സ് സമിതിയോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു കലക്ടര്‍. സമിതിക്ക് ഇതുവരെ ലഭിച്ച പൊതുസ്വഭാവമുള്ള പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കോ കലക്ടറേറ്റിലെ പരാതിപരിഹാര സെല്ലിനോ തുടര്‍നടപടിക്കായി അയക്കും. അടുത്ത ജില്ലാ വിജിലന്‍സ് സമിതി യോഗംമുതല്‍ അഴിമതി, സ്വജനപക്ഷപാതം തുടങ്ങി വിജിലന്‍സ് അന്വേഷിക്കേണ്ട പരാതികള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും കലക്ടര്‍ അറിയിച്ചു. വിജിലന്‍സ് സമിതിക്ക് സമര്‍പ്പിക്കുന്ന പരാതികള്‍ പരിശോധിച്ച് സ്വീകരിക്കേണ്ടവ തെരഞ്ഞെടുക്കാന്‍ ഉപസമിതിയെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ അഴിമതികാരണം, ലഭിക്കേണ്ട സേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കപ്പെടുകയോ അവ ലഭിക്കാന്‍ കാലതാമസം നേരിടുകയോ ആണെങ്കില്‍ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ സമിതി മുമ്പാകെ പരാതി സമര്‍പ്പിക്കാം. സമിതി അവ പരിശോധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യമെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാറിന് ശിപാര്‍ശ ചെയ്യും. കലക്ടര്‍ അധ്യക്ഷയായ സമിതി മൂന്നുമാസത്തിലൊരിക്കലാണ് യോഗം ചേരുന്നത്. ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതിയുടെ കണ്‍വീനര്‍ വിജിലന്‍സ് വിഭാഗം ഡിവൈ.എസ്.പിയാണ്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളിലെയും സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരോ ജീവനക്കാരോ സ്വജനപക്ഷപാതമോ അഴിമതിയോ കാട്ടിയാല്‍ 8592900900 എന്ന ടോള്‍ഫ്രീനമ്പറില്‍ പരാതിപ്പെടാം. വിജിലന്‍സ് സമിതിക്ക് ലഭിച്ച 32 പരാതികളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട ഒമ്പത് പരാതികള്‍ സര്‍ക്കാറിലേക്ക് അയക്കാന്‍ തീരുമാനിച്ചു. ബാക്കിയുള്ളവ തുടര്‍നടപടിക്കായി അതത് വകുപ്പുകള്‍ക്ക് കൈമാറാനും കലക്ടര്‍ നിര്‍ദേശിച്ചു. വിജിലന്‍സ് സതേണ്‍ റെയ്ഞ്ച് എസ്.പി തമ്പി എസ്. ദുര്‍ഗാദത്ത്, വിജിലന്‍സ് കൊല്ലം ഡിവൈ.എസ്.പി സിനി ഡെന്നീസ്, ജില്ലാതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.