മേയര്‍ ആര്; ചര്‍ച്ചകള്‍ മുറുകുന്നു

കൊല്ലം: കോര്‍പറേഷന്‍െറ പുതിയ മേയര്‍ ആരാകുമെന്ന ചര്‍ച്ചകള്‍ക്ക് ചൂടേറി. ഒന്നിലധികം പേരുകളാണ് പല കോണുകളില്‍നിന്ന് ഉയരുന്നത്. സി.പി.എം കൗണ്‍സിലര്‍മാരും പല അഭിപ്രായത്തിലാണ്. ജില്ലാ സെക്രട്ടേറിയറ്റും മേയര്‍ ആരാകുമെന്ന് ഉറപ്പ് പറഞ്ഞിട്ടില്ല. 16ന് ചേരുന്ന യോഗത്തില്‍ മേയര്‍ പ്രഖ്യാപനമുണ്ടാകും. മുന്‍ മേയര്‍ വി. രാജേന്ദ്രബാബുവിനെയായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് നേതൃസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍, മികച്ച വിജയത്തോടെ ഭരണം നിലനിര്‍ത്താനായതോടെ മേയര്‍ സ്ഥാനത്തിന് പലരും പിടിവലിതുടങ്ങി. ഇതോടെ തീരുമാനം നീളുകയാണ്. ഡെപ്യൂട്ടി മേയറായിരുന്ന എം. നൗഷാദിനുവേണ്ടി പാര്‍ട്ടിയിലെ ഒരു വിഭാഗവും ചില കൗണ്‍സിലര്‍മാരും രംഗത്തത്തെി. ജയം ഉറപ്പല്ലാത്ത കൈയാലക്കല്‍ ഡിവിഷനില്‍ പഞ്ചകോണ മത്സരത്തെ അതിജീവിച്ച് വന്ന നൗഷാദാണ് മേയര്‍ സ്ഥാനത്തിന് യോഗ്യനെന്ന വാദമാണ് അവര്‍ ഉന്നയിക്കുന്നത്. ജാതി സമവാക്യങ്ങള്‍ കണക്കുകൂട്ടുമ്പോള്‍ വേറെ പേരുകളാണ് ഉയരുന്നത്. ആനേപ്പില്‍ സുജിത്, എസ്. രാജ്മോഹന്‍, എസ്. ജയന്‍ എന്നിവരുടെ പേരും അണികളില്‍ പലരും ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഒൗദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. കൂടുതല്‍ പേര്‍ മേയറാകാന്‍ നില്‍ക്കുന്നെന്ന പ്രചാരണത്തിലൂടെ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ചിലരുടെ നീക്കമാണിതെന്നാണ് ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. മേയറെ നിര്‍ണയിക്കുന്നതില്‍ തര്‍ക്കമുണ്ടായാല്‍ പുതിയ ഒരാളെ ആയിരിക്കും സ്ഥാനത്തേക്ക് പരിഗണിക്കുക. അങ്ങനെ വന്നാല്‍ അറുനൂറ്റിമംഗലം ഡിവിഷന്‍ കൗണ്‍സിലര്‍ എസ്. പ്രസന്നന് നറുക്കുവീഴാം. 2000ല്‍ ഭരണനേതൃത്വത്തേക്ക് തര്‍ക്കം രൂക്ഷമായപ്പോള്‍ സീനിയര്‍ നേതാക്കളെ ഒഴിവാക്കി സബിതാ ബീഗത്തെ മേയര്‍ സ്ഥാനത്ത് കൊണ്ടുവന്നിരുന്നു. മികച്ച വിജയം നേടി ഭരണം നിലനിര്‍ത്തിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ തര്‍ക്കമുണ്ടാകാതെ മേയറെ പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.