ഭീതിയുടെ മുള്‍മുനയില്‍ ചന്ദനത്തോപ്പ്

കൊല്ലം: മലേഷ്യന്‍ ഫര്‍ണിച്ചറടക്കം കോടിയുടെ സാധനങ്ങളാണ് ചന്ദനത്തോപ്പിലെ ഡിമോസ് ഫര്‍ണിച്ചര്‍ ഷോറൂമിലെ തീ പിടിത്തത്തില്‍ കത്തിയമര്‍ന്നത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് തീ പിടിത്തം. സംഭവം നടന്നയുടന്‍തന്നെ കൊല്ലത്തുനിന്നും കുണ്ടറയില്‍നിന്നും അഗ്നിശമന സേന പാഞ്ഞത്തെിയെങ്കിലും മൂന്നു നിലകളിലായി തീ ആളിക്കത്തുകയായിരുന്നു. പിന്നാലെ ചാമക്കട, പുനലൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര, ശാസ്താംകോട്ട എന്നിവിടങ്ങളില്‍നിന്ന് യൂനിറ്റുകള്‍ എത്തി തീ കെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഷോറൂമിലേക്ക് തീ കത്തിയതോടെ സ്ത്രീകള്‍ ഉള്‍പ്പെടെ 16 ജീവനക്കാരും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഷോറൂമിന്‍െറ സമ്മാന പദ്ധതിയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചിരുന്ന ഹുണ്ടായി കാറും സ്കൂട്ടറും ഭാഗികമായി കത്തി നശിച്ചു. തീപിടിത്തത്തിന്‍െറ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്നാണ് നിഗമനം.വുഡന്‍ സ്റ്റീല്‍ ഫര്‍ണിച്ചര്‍, ബെഡ്റൂം ഫര്‍ണിച്ചര്‍, സോഫാസ്, ചെയര്‍, കബോര്‍ഡ്, ആര്‍ട് ഫ്ളവര്‍ ഐറ്റംസ് അടക്കമുള്ള സാധനങ്ങളായിരുന്നു അധികവും. വ്യാഴം, വെള്ളി ദിവസങ്ങളിലും ലക്ഷങ്ങളുടെ സാധനങ്ങള്‍ ലോഡ് വന്നിരുന്നതായി ഷോറൂം മാനേജര്‍ മനോജ് പറഞ്ഞു. തീ സമീപത്തെ കടകളിലേക്ക് പടരാതിരുന്നതിനാലും തൊട്ടടുത്ത് അടുത്തിടെ ആരംഭിച്ച മിലിറ്ററി കാന്‍റീന്‍ അവധിയായതിനാലും വന്‍ അപകടം ഒഴിവാകുകയായിരുന്നു. സമീപത്തെ സിന്‍ഡിക്കേറ്റ് ബാങ്ക്,സൂപ്പര്‍മാര്‍ക്കറ്റ് അടക്കമുള്ള സ്ഥാപനിലെ ജീവനക്കാര്‍ ഷട്ടര്‍ താഴ്ത്തിയടച്ച് പുറത്തേക്കിറങ്ങി. രാത്രി എട്ടരയോടെയാണ് തീ പൂര്‍ണമായും കെടുത്തി ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ മടങ്ങിയത്. മലപ്പുറം സ്വദേശികളാണ് ഷോറൂം നടത്തി വന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.